ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

 
GYNASH


തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണം; രണ്ടാമത്തെ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് വണ്‍ എസ് പിക്ക് ചുമതല നല്‍കും. എസ് പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. കരാറുകാരന്‍ വി ഒ സാജന്റെ പരാതിയിലാണ് പ്രഥമിക അന്വേഷണം. ആദ്യ കേസിന്റെ അന്വേഷണ ചുമതലയും എസ്പി ഇമ്മാനുവല്‍ പോളിനായിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഇന്നലെ ഉത്തരവിട്ടിരുന്നു. കെ.എസ്.ടി.പി. റോഡ് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയായ പതിബെലിലെ എന്‍ജിനിയര്‍ ലീ സീ ബെന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം. 2007-ല്‍ രജിസ്റ്റര്‍ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലന്‍സ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം.

ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കാന്‍ ഗ്യാനേഷ് കുമാര്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് ലീ സീ ബെന്‍ നേരിട്ട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതിയിലെ ആരോപണം. എന്‍ജിനിയര്‍മാര്‍ അംഗീകരിച്ച ബില്ലുകള്‍ 2006 മേയ് മുതല്‍ അകാരണമായി തടഞ്ഞുവെച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പില്‍ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നതായും പരാതിയിലുണ്ട്. എന്നാല്‍, ആദ്യ അന്വേഷണത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ല.

Tags

Share this story

From Around the Web