അഴിമതിക്കെതിരെയുള്ള നിലപാട് എക്സൈസ് വകുപ്പ് കടുപ്പിച്ചതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ആശങ്കയിൽ

 
Beverage

കോട്ടയം: അഴിമതിക്കെതിരെയുള്ള നിലപാട് എക്സൈസ് വകുപ്പ് കടുപ്പിച്ചതോടെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ആശങ്കയിൽ.

തങ്ങൾക്കെതിരെ ബാറുടമകൾ തെളിവുകൾ ശേഖരിച്ചിട്ടുണ്ടോ എന്നതാണ് പലരുടെയും ഉറക്കം കെടുത്തുന്നത്.

ബാറുകളിൽ നിന്ന് മാസപ്പടിയായി പണവും മദ്യക്കുപ്പികളും വാങ്ങിയിരുന്ന ധാരാളം ഉദ്യോഗസ്ഥർ, ബാറുടമകൾ തങ്ങളെ ചതിക്കുമോ എന്ന അങ്കലാപ്പിൽ ഇവരെ ഇടനിലക്കാർ മുഖേന അനുനയിപ്പിക്കാൻ ശ്രമങ്ങൾ വരെ നടത്തുന്നുണ്ട്.

എൽ.ഡി.എഫ് സർക്കാരിന്റെ പത്തു വർഷക്കാലത്താണ് ഉദ്യോഗസ്ഥർ കുത്തഴിഞ്ഞ രീതിയിലേക്ക് മാറുന്നത്. 2016 മാർച്ച് 31-ന് കേരളത്തിൽ ആകെയുണ്ടായിരുന്നത് 29 ബാറുകളെങ്കിൽ ഈ വർഷം ഈ എണ്ണം 905-ൽ എത്തി. എല്ലാ ബാറുകളും എൽ.ഡി.എഫ് കാലത്തെ സംഭാവനയാണ്.

വകുപ്പ് ഭരിച്ചിരുന്നവർക്ക് എക്സൈസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ബാറുടമകളിൽ നിന്ന് പണം പിരിക്കുന്നതടക്കം ഒരു കോക്കസായി ഉദ്യോഗസ്ഥ സംഘം പ്രവർത്തിക്കുകയായിരുന്നു.

'ഡ്രൈ ഡേ'യിൽ പോലും മദ്യം വിൽക്കാനുള്ള അവസരം ഉദ്യോഗസ്ഥർ ഒരുക്കി നൽകി.

ചില ഇടതു നേതാക്കളുടെ പിന്തുണ ഉദ്യോഗസ്ഥർക്കു പിന്നിലുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു.

ഭരണം മാറിയതോടെ വകുപ്പ് ഏറ്റെടുത്ത മന്ത്രി എം. ലിജുവിന് മുൻപിൽ ബാറുടമകൾ തന്നെ ഉദ്യോഗസ്ഥരുടെ കൊള്ളയ്ക്കെതിരെ രഹസ്യമായി പരാതി നൽകി.

 മന്ത്രി ഉദ്യോഗസ്ഥർക്ക് പരസ്യ താക്കീത് നൽകിയെങ്കിലും എൽ.ഡി.എഫ് കാലത്തേതുപോലെ വലിയ നടപടികളൊന്നും ഉദ്യോഗസ്ഥർ പ്രതീക്ഷിച്ചില്ല.

മാസപ്പടി വാങ്ങിയതിന് ആദ്യം കുടുങ്ങിയത് കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറാണ്.

പിന്നാലെ പ്രിവന്റീവ് ഓഫീസർമാരായ എം. മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, ടി. സന്തോഷ്, കെ. ഷൈജു, സിവിൽ എക്‌സൈസ് ഓഫീസർ എ.എസ്. വിശാഖ് എന്നിവരും പെട്ടു. ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇതോടെ കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ ആകെ അങ്കലാപ്പിലായി. തങ്ങളെക്കുറിച്ചുള്ള പരാതികളും മന്ത്രിക്കു മുന്നിൽ എത്തിയോ എന്നതാണ് ഇവരുടെ ആശങ്ക. ഏതു നിമിഷവും പരിശോധന പ്രതീക്ഷിച്ച് ഉദ്യോഗസ്ഥർ എക്സ്ട്രാ ഡീസൻ്റായിട്ടുണ്ട്.

അതേസമയം, ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരെ നിലവിൽ സസ്പെൻഡ് ചെയ്തെങ്കിലും വകുപ്പുതല അച്ചടക്ക നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്.

കൃത്യമായ ക്രിമിനൽ നടപടികൾ എടുക്കാതെ കേവലം അച്ചടക്ക നടപടിയിൽ ഒതുക്കി അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നത് എന്ന വിമർശനം ശക്തമാണ്.

ക്രിമിനൽ കുറ്റങ്ങളും കൈക്കൂലി ഇടപാടുകളും നടന്നിട്ടും കേസ് വിജിലൻസിന് കൈമാറുകയോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല.

സമർപ്പിച്ച റിപ്പോർട്ടിൽ 'സ്വഭാവദൂഷ്യം' എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനാ ണെന്നാണ് വിമർശനം. വിഷയത്തിൽ മന്ത്രി ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്

Tags

Share this story

From Around the Web