പാപ്പയുടെയും വത്തിക്കാന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് മെത്രാഭിഷേകം; 'പത്താം പീയൂസ് കൂട്ടായ്മ' കത്തോലിക്ക സഭയ്ക്കു പുറത്തേക്ക്?

 
dcastrty


വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് ശ്രദ്ധ നേടിയിരിന്ന പത്താം പീയൂസിന്റെ പൗരോഹിത്യകൂട്ടായ്മ എന്ന പേരില്‍ അറിയപ്പെടുന്ന കൂട്ടായ്മ, കത്തോലിക്ക സഭയ്ക്ക് പുറത്തേക്ക്. മാര്‍പാപ്പയുടെ അനുമതിയില്ലാതെ നാല് പുതിയ മെത്രാന്മാരെ ഇവര്‍ ഇന്നലെ വാഴിച്ചു. ഇതോടെ കത്തോലിക്കാസഭയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തി വഴി സഭയില്‍നിന്നുള്ള സ്വയം പുറത്താകലിന് (ശീശ്മ) കാരണമായെന്ന് വ്യക്തമായിരിക്കുകയാണ്. മെത്രാഭിഷേകം ഒഴിവാക്കണമെന്നും തിരുസഭയോട് ചേര്‍ന്നു മുന്നോട്ട് പോകണമെന്നും മുന്‍പ് നിരവധി തവണ വത്തിക്കാനും ഇക്കഴിഞ്ഞ ദിവസം ലെയോ പാപ്പയും അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു നാല് വൈദികരെ മെത്രാന്മാരായി വാഴിക്കുന്ന ചടങ്ങ് ഇന്നലെ സ്വിറ്റ്‌സര്‍ലണ്ടിലെ എക്കോണില്‍ നടത്തുകയായിരിന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് തന്നെ ചടങ്ങ് പ്രഖ്യാപിക്കപ്പെട്ടിരിന്നു. എന്നാല്‍ ഇതുമായി മുന്നോട്ട് പോകരുതെന്നും, അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തരുതെന്നും, ഇത് കര്‍ത്താവിന്റെ തിരുസഭയില്‍ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തിയാണെന്നും ലെയോ പതിനാലാമന്‍ പാപ്പയും, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസും പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.


ഈ ചടങ്ങുകള്‍ക്കെതിരായും ക്രൈസ്തവ ഐക്യത്തിനായും ആഹ്വാനം ചെയ്തുകൊണ്ട് ജൂണ്‍ 29ന് ഒരു കത്തും ലെയോ പാപ്പ കൂട്ടായ്മയുടെ നേതൃത്വത്തിന് നല്‍കിയിരുന്നു. കാനോനിക നിയമമനുസരിച്ച് പാപ്പയുടെ അനുമതിയില്ലാതെ മെത്രാഭിഷേകം നടത്തുന്നത്, സഭയില്‍നിന്നുള്ള സ്വയം പുറത്താകലിന് (latae sententiae excommunication) കാരണമായിരിക്കുകയാണ്. മാര്‍പാപ്പയുടെ അനുമതിയില്ലാതെയിരിക്കെ, സമൂഹത്തിന്റെ നിലനില്‍പ്പും തുടര്‍ച്ചയും കണക്കിലെടുത്ത് ഈ അനുമതി ഉണ്ടെന്ന ന്യായീകരണം നിരത്തിയാണ് മെത്രാഭിഷേകചടങ്ങുകള്‍ ഇന്നലെ നടത്തിയത്. അതേസമയം, ചടങ്ങുകള്‍ നടന്ന ഇന്നലെ ആഗോളസഭയുടെ ചരിത്രത്തില്‍ ഭിന്നതയുടെ മുറിവ് സൃഷ്ടിച്ച ദിനമായാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web