മതമൗലികവാദത്തെയും വിഭജനങ്ങളെയും നേരിടാൻ ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ
ലോകമെമ്പാടും വർദ്ധിച്ചുവരുന്ന മതമൗലികവാദത്തെയും വിഭജനങ്ങളെയും നേരിടാൻ ക്രൈസ്തവരും മുസ്ലീങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ.
കെനിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പ്രോഗ്രാം ഫോർ ക്രിസ്ത്യൻ-മുസ്ലിം റിലേഷൻസ് ഇൻ ആഫ്രിക്ക' (PROCMURA) പ്രതിനിധികളുമായി മാർച്ച് 25-ന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപ്പാപ്പ ഈ സുപ്രധാന ആഹ്വാനം നടത്തിയത്.
മറ്റ് മതസ്ഥരോട് ആദരവും പരസ്പര ധാരണയും പുലർത്താൻ കത്തോലിക്കാ സഭ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 'നോസ്‌ട്രാ എറ്റാറ്റെ' (Nostra Aetate) എന്ന പ്രമാണം ഉദ്ധരിച്ചുകൊണ്ട്, ഇതര മതങ്ങളിലെ സത്യമായതിനെയോ പരിശുദ്ധമായതിനെയോ സഭ തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ഐക്യത്തിലേക്കും കൂട്ടായ്മയിലേക്കും ക്രൈസ്തവരും സന്മനസ്സുള്ളവരും നടത്തുന്ന ഓരോ യഥാർത്ഥ ചുവടുവെപ്പും പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണ്.
ഇതിനായി ഹൃദയങ്ങൾ തുറന്നുവെക്കാനും പരസ്പരം സഹോദരങ്ങളായി സ്വീകരിക്കാനും നമുക്ക് സാധിക്കണം." - മാർപ്പാപ്പ പറഞ്ഞു. സംഘർഷങ്ങൾ വർദ്ധിക്കുന്ന ഇന്നത്തെ ലോകത്ത്, മതപരമായ വ്യത്യാസങ്ങൾക്കിടയിലും സമാധാനത്തോടെ ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കുമെന്ന് ക്രൈസ്തവരും മുസ്ലീങ്ങളും തങ്ങളുടെ സഹകരണത്തിലൂടെ ലോകത്തിന് കാണിച്ചുതരണം.
മുൻവിധി, കോപം, വെറുപ്പ് എന്നിവയുടെ ചങ്ങലകളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ മതനേതാക്കൾ മുന്നിട്ടിറങ്ങണം. അനീതിക്കും അക്രമത്തിനുമെതിരെ ശബ്ദമുയർത്തുന്നവരും വിഭജനങ്ങൾ ഇല്ലാതാക്കി സമാധാനം പ്രഘോഷിക്കുന്നവരുമായ 'ഈ കാലഘട്ടത്തിന്റെ പ്രവാചകരാകാൻ' പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
സാമൂഹിക സൗഹൃദം വളർത്തുന്നതിനും നീതിയും പ്രത്യാശയും ഉറപ്പാക്കുന്നതിനും ഇത്തരം അന്തർമത സംവാദങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മാർപ്പാപ്പ ഓർമ്മപ്പെടുത്തി.