കത്തോലിക്കാ സഭയിലേക്കുള്ള മതപരിവര്‍ത്തനം: കണക്കുകള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം
അമേരിക്കയില്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണം അവിടത്തെ ചില പ്രമുഖ ക്രൈസ്തവ സഭകളിലെ ആകെ വിശ്വാസികളുടെ എണ്ണത്തിന് തുല്യമാണ്. അടുത്ത കാലത്തായി യു.എസില്‍ കത്തോലിക്കാ സഭയിലേക്ക് ആളുകള്‍ കൂട്ടമായി കടന്നുവരുന്നു എന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ യഥാര്‍ഥ കണക്കുകള്‍ എന്താണ് സൂചിപ്പിക്കുന്നത്? അമേരിക്കയിലെ കത്തോലിക്കാ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് പ്രശസ്ത ഗവേഷണ സ്ഥാപനമായ 'പ്യൂ റിസര്‍ച്ച് സെന്റര്‍' അടുത്തിടെ സമഗ്രമായ ഒരു പഠനറിപ്പോര്‍ട്ട് പുറത്തുവിടുകയുണ്ടായി.
എത്രപേര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു?
യു.എസിലെ മുതിര്‍ന്നവരുടെ ആകെ ജനസംഖ്യയുടെ 1.5% ആളുകള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരാണെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 26.7 കോടി വരുന്ന മുതിര്‍ന്ന അമേരിക്കന്‍ പൗരന്മാരില്‍ ഏതാണ്ട് 40 ലക്ഷത്തോളം പേര്‍ തങ്ങളുടെ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നവരാണ്. ഇന്ന് അമേരിക്കയിലുള്ള ആകെ കത്തോലിക്കാ വിശ്വാസികളില്‍ എട്ട് ശതമാനത്തോളം പേര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചവരും ബാക്കി 92 % പേര്‍ ജനിച്ചപ്പോള്‍ത്തന്നെ വിശ്വാസം ലഭിച്ചവരുമാണ് .
ആളുകള്‍ തങ്ങളുടെ ജീവിതകാലത്ത് ഏതെങ്കിലും സഭയില്‍ ചേരുകയോ സഭ വിട്ടുപോവുകയോ ചെയ്തിട്ടുണ്ടോ എന്ന് പ്യൂ റിസര്‍ച്ച് സെന്റര്‍ ചോദിച്ചറിഞ്ഞിരുന്നു. അടുത്ത കാലത്താണ് ഈ പഠനം പ്രസിദ്ധീകരിച്ചതെങ്കിലും, കഴിഞ്ഞ പല പതിറ്റാണ്ടുകളായി നടന്ന മതപരിവര്‍ത്തനങ്ങളും അതിനുള്ള കാരണങ്ങളും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്, കത്തോലിക്കാ സഭയിലേക്ക് വരുന്നവരേക്കാള്‍ വളരെക്കൂടുതല്‍ ആളുകള്‍ സഭ വിട്ടുപോകുന്നുണ്ട്. സഭയിലേക്ക് കടന്നുവരുന്ന ഓരോ വ്യക്തിക്കും പകരമായി 8.4% ആളുകള്‍ സഭ വിട്ടുപോകുന്നു എന്നാണ് കണക്ക്. കൂടാതെ, മതം മാറുന്നവരില്‍ ഭൂരിഭാഗം പേരും 30 വയസ്സിന് മുന്‍പാണ് ഈ തീരുമാനം എടുക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
വിവിധ മതപശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് വരുന്നുണ്ടെങ്കിലും, വലിയൊരു പങ്കും (59%) പ്രൊട്ടസ്റ്റന്റ് പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. 9% ആളുകള്‍ ഓര്‍ത്തഡോക്‌സ്, മോര്‍മണ്‍ തുടങ്ങിയ മറ്റ് ക്രൈസ്തവ സഭകളില്‍ നിന്നും വരുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന് മുന്‍പ് തങ്ങള്‍ക്ക് യാതൊരുവിധ മതവിശ്വാസവും ഉണ്ടായിരുന്നില്ലെന്ന് 22% പേര്‍ വ്യക്തമാക്കുന്നു.
മതം മാറാനുള്ള കൃത്യമായ കാരണം ചോദിച്ചപ്പോള്‍, പകുതിയോളം പേരും മറുപടി നല്‍കിയത് തങ്ങളുടെ പങ്കാളി കത്തോലിക്കാ വിശ്വാസിയാണെന്നോ അല്ലെങ്കില്‍ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നോ ആണ്.