വി ഡി സര്‍വര്‍ക്കറെ ഉള്‍പ്പെടുത്തി വിവാദ ചോദ്യാവലി; അധ്യാപകന്റെ സസ്‌പെന്‍ഷന് അടിയന്തര സ്റ്റേ ഇല്ല, ഹര്‍ജി പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി
കൊച്ചി: ഫ്രീഡം ക്വിസില്‍ വി.ഡി സര്‍വര്‍ക്കറെ ഉള്‍പ്പെടുത്തി വിവാദ ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന്റെ സസ്‌പെന്‍ഷന് അടിയന്തര സ്റ്റേ ഇല്ല.
സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോഡ് പള്ളത്തടുക്ക എ.യു.പി സ്‌കൂള്‍ അധ്യാപകനായ ഗുരുപ്രസാദ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
തെറ്റായ നടപടികളില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് എങ്ങനെ സസ്‌പെന്‍ഷന്‍ നല്‍കാനാകുമെന്ന് കോടതി ചോദിച്ചു.
ചോദ്യാവലി തയ്യാറാക്കാന്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യതിന് കാരണങ്ങളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കാന്‍ ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് നല്‍കിയ ചോദ്യാവലിയാണ് വിവാദമായത്. ആഗസ്റ്റ് ആറിന് എല്‍പി സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ക്വിസ് പരിപാടിയിലാണ് ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനിയായി വിഡി സവര്‍ക്കറെ ഉള്‍പ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണെന്നായിരുന്നു ചോദ്യം. ഉത്തര സൂചികയില്‍ വി ഡി സവര്‍ക്കര്‍ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സവര്‍ക്കറുടെ പേര് ചരിത്ര രേഖയുണ്ടെന്നും ഇതില്‍ ചോദ്യം തയ്യാറാക്കിയ തന്നെ സസ്‌പെന്‍ഡ് ചെയ്തത് അന്യായമാണെന്നുമാണ് അധ്യപകന്റെ വാദം.