പ്രോലൈഫ് രംഗത്തെ സംഭാവന; മദര്‍ ആഗ്‌നസ് മേരിയ്ക്കു ഗിവന്‍ ഫിയാത്ത് അവാര്‍ഡ്

 
AWARD

വാഷിംഗ്ടണ്‍ ഡിസി: അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി, സിസ്റ്റേഴ്സ് ഓഫ് ലൈഫ് സന്യാസ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയര്‍ ജനറല്‍ മദര്‍ ആഗ്‌നസ് മേരി ഡോണോവന് 2026 ലെ ഗിവന്‍ ഫിയാത്ത് അവാര്‍ഡ്. 

പ്രോലൈഫ് രംഗത്ത് ജീവന്റെ മഹത്വത്തിന് വേണ്ടി രാവും പകലും നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് ഗിവന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, അവാര്‍ഡ് പ്രഖ്യാപിച്ചത്. സ്ത്രീകളുടെ അന്തസ്സിനും, ജീവന്റെ പ്രഘോഷണത്തിനും വിശ്വാസ സാക്ഷ്യത്തിനും ഡോണോവന്‍ നല്‍കിയ അസാധാരണ ഇടപെടല്‍ പരിഗണിച്ചാണ് അവാര്‍ഡെന്നു സംഘാടകര്‍ വ്യക്തമാക്കി.

അവാര്‍ഡ് തനിക്ക് ആണെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അതിയായ സന്തോഷമുണ്ടെന്നും സിസ്റ്റര്‍ ഡോണോവന്‍ ഇഡബ്ല്യുടിഎന്‍ ന്യൂസിനോട് പറഞ്ഞു. 

പതിറ്റാണ്ടുകളായി ഗര്‍ഭിണികളായ സ്ത്രീകളെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ സഹായിക്കുന്നതിനും മനുഷ്യജീവനോടുള്ള ആദരവ് വളര്‍ത്തുന്നതിനും നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് സിസ്റ്ററിനെ ആദരിക്കുന്നത്. 

മനഃശാസ്ത്രത്തില്‍ പ്രാവീണ്യമുള്ള ഈ സന്യാസിനി കൗണ്‍സിലിംഗ്, ആത്മീയ പരിചരണം, ഗര്‍ഭഛിദ്രം നടത്തിയവര്‍ക്ക് സൗഖ്യ ധ്യാനം എന്നിവയിലൂടെ നിരവധി സ്ത്രീകളെ പിന്തുണച്ചിട്ടുണ്ട്.


സിസ്റ്റേഴ്സ് ഓഫ് ലൈഫ് സന്യാസ സമൂഹത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും കൂടിയായ അവര്‍ സമൂഹത്തിന്റെ പ്രഥമ സുപ്പീരിയര്‍ ജനറല്‍ കൂടിയാണ്. അമേരിക്ക ആസ്ഥാനമായുള്ള ഗിവന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കത്തോലിക്കാ സ്ത്രീകളെ അവരുടെ ജീവിത ദൗത്യം കണ്ടെത്തി ക്രിസ്തീയ ചൈതന്യത്തില്‍ വളരാന്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനാസംവിധാനമാണ്. 

സ്ത്രീകള്‍ക്ക് സഭയെയും ലോകത്തെയും കൂടുതല്‍ ഫലപ്രദമായി സേവിക്കാന്‍ കഴിയുന്ന തരത്തില്‍ നേതൃത്വ പരിശീലനം, ആത്മീയ രൂപീകരണം, മാര്‍ഗനിര്‍ദേശം എന്നിവ സംഘടന നല്‍കുന്നുണ്ട്.

Tags

Share this story

From Around the Web