ഹെലികോപ്റ്റർ യാത്രയിലെ ദുരൂഹത നീക്കാൻ മുഖ്യമന്ത്രി നൽകിയ വിശദീകരണങ്ങളിലെ വൈരുദ്ധ്യം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു; കൂടിക്കാഴ്ചയുടെ വിവരം രഹസ്യമാക്കി വെക്കുന്നതിനെതിരെയും രാഷ്ട്രീയ വിമർശനം ശക്തം
 

 
099999

തിരുവനന്തപുരം: ഹെലികോപ്റ്റർ സ്വകാര്യാവശ്യത്തിന് ഉപയോഗിച്ചെന്ന വിവാദം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വൈരുദ്ധ്യം കടന്ന് കൂടിയതാണ് വിവാദത്തെ പുതിയ തലത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഔദ്യോഗിക ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും അതിന് മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിലെ വൈരുദ്ധ്യങ്ങളുമാണ് ഇപ്പോൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

സ്വകാര്യ ഇൻവെസ്റ്ററുമായുളള അടിയന്തിര കൂടിക്കാഴ്ചക്ക് വേണ്ടിയാണ് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക് യാത്ര നടത്തിയതെന്നാണ് മുഖ്യമന്ത്രി തിങ്കളാഴ്ച നൽകിയ വിശദീകരണം.ആദ്യം വന്ദേഭാരത് ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ഡിന്നർ മീറ്റിങ്ങിൽ  ഇൻവെസ്റ്ററെ കാണാനാണ് നിശ്ചയിച്ചിരുന്നതെന്നും എന്നാൽ ഇൻവെസ്റ്ററുടെ സൌകര്യാർത്ഥം കൂടിക്കാഴ്ചയുടെ സമയത്തിൽ മാറ്റം വരുത്തിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.

എന്നാൽ ഇതിൽ നിന്ന് നേരെ വിരുദ്ധമായ പ്രതികരണം ആണ് മുഖ്യമന്ത്രി ഇന്ന് നടത്തിയത്.അന്നേ ദിവസം കൊച്ചിയിലായത് കൊണ്ടാണ് ഇൻവെസ്റ്ററെ കൊച്ചിയിൽ വെച്ച് കണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം.സ്വകാര്യാവശ്യത്തിന് ഹെലികോപ്റ്റർ ഉപയോഗിച്ചത് സംബന്ധിച്ച വിവാദത്തെ കൂടുതൽ ദുരൂഹമാക്കുന്നതാണ് ഈ പ്രതികരണം.മുഖ്യമന്ത്രി അങ്ങോട്ടുപോയി കണ്ട സ്വകാര്യ നിക്ഷേപകൻ ആരാണെെന്ന് ഇപ്പോഴും വെളിപ്പെട്ടിട്ടില്ല എന്നതിന് പുറമേയാണ് വൈരുദ്ധ്യം നിറഞ്ഞ മറുപടി കൂടി വരുന്നത്.

ചിലരെ രഹസ്യമായും കാണേണ്ടിവരും എന്നാണ് ആരുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യത്തിന് മറുപടിയായി ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്.എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  ഔദ്യോഗിക ആവശ്യങ്ങൾക്ക് പുറമേ പാർട്ടി സമ്മേളനത്തിന് പോകുന്നതിന് ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ അതിനെ അനാവശ്യ ധൂർത്തെന്നും ജനങ്ങളുടെ പണം പാഴാക്കലെന്നും വിളിച്ച് ശക്തമായി എതിർത്തത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി. ഡി. സതീശനും യു.ഡി.എഫുമായിരുന്നു.

ഇന്ന് അതേ യു.ഡി.എഫ് ഭരണത്തിൽ എത്തിയപ്പോൾ സ്വകാര്യ ആവശ്യങ്ങൾക്ക് ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ ഇരട്ടത്താപ്പായിട്ടാണ്  ഇടത് മുന്നണി ഉയർത്തിക്കാട്ടുന്നത്.രാഷ്ട്രീയ ആരോപണത്തിന് വളമിട്ടുകൊടുക്കുന്ന മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായതെന്ന് ഭരണമുന്നണി നേതാക്കൾക്ക് തന്നെ അഭിപ്രായമുണ്ട്. കാര്യങ്ങളിൽ വ്യക്തത വരുത്തി വിവാദത്തിന് അന്ത്യം കുറിക്കുന്നതാണ് രാഷ്ട്രീയമായി അഭികാമ്യമെന്നാണ് അവരുടെ അഭിപ്രായം.  

 മഴയും പ്രളയക്കെടുതിയും മൂലം സംസ്ഥാനത്തെ പല ജില്ലകളും ദുരിതത്തിലായിരിക്കെയാണ് തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര നടന്നത്. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണുന്നതിന് വേണ്ടിയാണ്  വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.തുടക്കത്തിൽ കാലാവസ്ഥ മോശമായതിനെത്തുടർന്ന് തിരിച്ചെത്തിയ ഹെലികോപ്റ്റർ, പിന്നീട് വീണ്ടും കൊച്ചിയിലേക്ക് പറന്നു.

ദുരന്ത നിവാരണ ഏജൻസിയുടെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഔദ്യോഗിക ചുമതലകൾ മാറ്റിവെച്ച് സ്വകാര്യ ആവശ്യത്തിന് മുൻഗണന നൽകിയതാണ് ചോദ്യം ചെയ്യപ്പെടുന്നത്.മുഖ്യമന്ത്രി 'ഔദ്യോഗിക നിക്ഷേപക കൂടിക്കാഴ്ച' എന്ന് അവകാശപ്പെട്ടപ്പോൾ, മന്ത്രി കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾ പറഞ്ഞത് "യാത്രയ്ക്കിടയിൽ ഭാര്യാപിതാവിനെ കണ്ടതിൽ എന്താണ് തെറ്റ്, കാലത്തിനനുസരിച്ച് കാറിന് പകരം ഹെലികോപ്റ്റർ ഉപയോഗിക്കുന്നതിൽ തെറ്റില്ല" എന്നാണ്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലും, കനത്ത മഴയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുന്ന സമയത്തും ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം ചെലവഴിക്കലുകളും അനാവശ്യ യാത്രകളും പൊതുജനങ്ങൾക്കിടയിലും വലിയ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.

ഭരണത്തിൽ വന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ധൂർത്ത് ആരോപണത്തിലും സുതാര്യതയില്ലായ്മയിലും ഉത്തരം നൽകേണ്ടി വന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. നിക്ഷേപക കൂടിക്കാഴ്ചയുടെ വിവരങ്ങൾ രഹസ്യമാക്കിവെച്ചത് സുതാര്യതയില്ലായ്മ എന്ന ആക്ഷേപത്തിന് ആക്കം കൂട്ടുന്നു.

Tags

Share this story

From Around the Web