ബംഗാളിൽ പ്രാർഥനാ യോഗങ്ങൾക്ക് നേരെ തുടർച്ചയാ ആക്രമണം; വീടുകളിലെ പ്രാർഥന നിർത്തിവച്ച് ക്രൈസ്തവർ.
പാസ്റ്റര്‍ക്കും വിശ്വാസികള്‍ക്കും മര്‍ദ്ദനം, മൈക്കും സ്പീക്കറും അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്തു
 

 
Cross

പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനാ യോഗങ്ങൾക്കും സന്ദർശനത്തിനും നേരെ ആക്രമണങ്ങൾ വർധിച്ചതിനെ തുടർന്ന് ക്രിസ്ത്‌ത്യൻ സംഘടനകൾ ഗാർഹിക പ്രാർഥനകളും കൂട്ടായ്മ‌കളും താൽക്കാലികമായി നിർത്തിവെച്ചു.

ഓഗസ്റ്റ് 23-ന് ഹൗറയിലെ ഉലുബെറിയയിൽ വാടകവീട്ടിൽ നടന്ന ആക്രമണത്തിൽ പാസ്റ്ററെയും പ്രാർഥനയിൽ പങ്കെടുത്തവരെയും പൊലീസ് രക്ഷപ്പെടുത്തേണ്ടിവന്നിരുന്നു. ഞായറാഴ്ച പ്രാർഥനയ്ക്കിടെ ആൾക്കൂട്ടം അതിക്രമിച്ചു കയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും മൈക്കും സ്പീക്കറും അടക്കമുള്ള ഉപകരണങ്ങൾ തകർക്കുകയും ചെയ്തു.

ഓഗസ്റ്റ് 14-ന് സെന്റ് ക്ലാരറ്റ പള്ളിയിൽ നടന്ന ശവസംസ്കാര ചടങ്ങ് തടസ്സപ്പെടുത്തുകയും കല്ലറയിൽ ഇറക്കിവെച്ച മൃതദേഹം ആൾക്കൂട്ടം പുറത്തെടുപ്പിക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

സൗത്ത് 24 പർഗാനാസിലെ സുഭാഷ്ഗ്രാമിൽ നിർമാണത്തിലിരുന്ന പള്ളി ആക്രമിക്കപ്പെടുകയും, പൂർവ്വ മേദിനിപൂർ, ഘുസുരി എന്നിവിടങ്ങളിൽ പ്രാർഥനാ യോഗങ്ങൾ തടസ്സപ്പെടുകയും ചെയ്തു.

ഉലുബെറിയയിലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഓഗസ്റ്റ് 23ന് ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെ ഒരു സംഘം വീട്ടിലേക്ക് കടന്നുകയറുകയും 'നിർബന്ധിത മതപരിവർത്തനം' ആരോപിച്ച് പ്രാർഥനയിൽ പങ്കെടുത്തവരെ മർദിക്കുകയും വീടിന്റെ വസ്തുക്കൾ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

ഇവ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, തുടർച്ചയായുണ്ടാകുന്ന അക്രമങ്ങൾ ഭയന്നാണ് പ്രാർഥനായോഗങ്ങൾ നിർത്തിവെക്കുന്നതെന്നും ബംഗീയ ക്രിസ്റ്റീയ പരിഷത്ത് ഭാരവാഹികൾ പറയുന്നു.

സാമ്പത്തിക വാഗ്‌ദാനങ്ങൾ നൽകിയുള്ള 'നിർബന്ധിത മതപരിവർത്തനം' ആണ് പ്രദേശങ്ങളിൽ നടക്കുന്നതെന്നും അതിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്നുമാണ് വലതുപക്ഷ സംഘടനയായ സിംഹ വാഹിനി ഭാരവാഹികളുടെ വാദം.

വ്യക്തികൾക്ക് പ്രാർഥിക്കാനുള്ള അവകാശത്തെ സർക്കാർ തടയില്ലെന്നും, എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി ക്ഷിതിരാം തുഡു വ്യക്തമാക്കി.

Tags

Share this story

From Around the Web