ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി; രാജ്യത്ത് ഉത്പന്ന വില ഓഗസ്റ്റ് മുതല്‍ എട്ട് ശതമാനം വരെ വര്‍ധിച്ചേക്കും!
രാജ്യത്ത് ഉപഭോക്തൃ ഉത്പന്നങ്ങളുടെ വില ഓഗസ്റ്റ് മുതല്‍ എട്ട് ശതമാനം വരെ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ വിലയിലും ചരക്കുകൂലിയിലുമുണ്ടായ വര്‍ധനവാണ് ഈ വിലക്കയറ്റത്തിന് കാരണം.
ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് കമ്പനികള്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ചായപ്പൊടി, പാക്ക് ചെയ്ത ഉത്പന്നങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഉത്പന്നങ്ങള്‍ക്ക് വിലകൂടും.
പശ്ചിമേഷ്യന്‍ സംഘര്‍ഷമൂലമുണ്ടായ അസ്ഥിരത അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും മറ്റ് അസംസ്‌കൃത വസ്തുക്കളുടെയും വില വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
കൂടാതെ, യുദ്ധസാഹചര്യം കാരണം കപ്പല്‍ ഗതാഗതവും മറ്റും തടസ്സപ്പെടുന്നത് ചരക്കുനീക്കത്തിനുള്ള ചെലവ് കുത്തനെ കൂട്ടി.
വിദേശ നാണയ വിനിമയ നിരക്കിലെ അസ്ഥിരത ഇറക്കുമതി ചെലവ് വര്‍ധിപ്പിച്ചതിനൊപ്പം മെമ്മറി ചിപ്പ്, പ്ലാസ്റ്റിക് പാക്കിങ് സാമഗ്രികള്‍, പാചക എണ്ണ എന്നിവയുടെ വിലക്കയറ്റവും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്ക് ആറു ശതമാനം വരെ വില കൂടിയേക്കാം. മെമ്മറി ചിപ്പുകളുടെ വില വര്‍ധിച്ചതും വിതരണ തടസ്സങ്ങളും കാരണം ടെലിവിഷന്‍ വില ഈ വര്‍ഷം ഇതിനകം 15 ശതമാനത്തിലധികം കൂടിയിട്ടുണ്ട്.
റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍ എന്നിവയുടെ വിലയിലും പത്ത് ശതമാനത്തിലധികം വര്‍ധനവുണ്ടായി. ഒമ്പത് മാസത്തിനിടെ മെമ്മറി ചിപ്പുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചത് സ്മാര്‍ട്ട്ഫോണ്‍ വിലയും ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
നിര്‍മാണച്ചെലവ് കൂടിയ സാഹചര്യത്തില്‍ മാരുതി സുസുക്കി ഓഗസ്റ്റ് മുതല്‍ വാഹനങ്ങള്‍ക്ക് 30,000 രൂപ വരെ വില വര്‍ധിപ്പിക്കും. ഹോണ്ട കാര്‍സ് ഇന്ത്യയും ഓഗസ്റ്റ് ഒന്നു മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഫ്.എം.സി.ജി മേഖലയില്‍ ചായപ്പൊടി, ഹെയര്‍ ഓയില്‍, പാചക എണ്ണ എന്നിവയുടെ വിലയും കൂടും.
പെട്രോളിയം അനുബന്ധ ഉത്പന്നങ്ങളുടെ വിലക്കയറ്റം പാക്കിങ് ചെലവ് വര്‍ധിപ്പിച്ചതും വസ്ത്ര വ്യാപാര മേഖലയില്‍ പഴയ സ്റ്റോക്കുകള്‍ തീരുന്നതോടെ പുതിയ സീസണ്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുന്നതിനും കാരണമായിട്ടുണ്ട്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം വിപണിയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും വരാനിരിക്കുന്ന ഉത്സവ സീസണ്‍ കമ്പനികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
ഓണത്തോടെ ആരംഭിച്ച് നവംബറിലെ ദീപാവലി വരെ നീണ്ടുനില്‍ക്കുന്ന ഉത്സവകാലത്ത് വിപണിയില്‍ ഉപഭോഗം വര്‍ധിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.
എങ്കിലും നിലവിലെ വിലക്കയറ്റം സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കുമെന്നുറപ്പാണ്.