കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 മുതല്‍. സംസ്ഥാനത്താകെ 1800 വിപണനകേന്ദ്രങ്ങള്‍. നിത്യോപയോഗ സാധനങ്ങള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

തിരുവനന്തപുരം:ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിര്‍ത്താനും അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കാനുമുള്ള സര്‍ക്കാര്‍ ഇടപെടലായ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ ആഗസ്റ്റ് 26 ന് ആരംഭിക്കും. ഏഴുദിവസം നീണ്ടു നില്‍ക്കുന്ന ഓണച്ചന്തകള്‍ സെപ്റ്റംബര്‍ 4 വരെ നീണ്ട് നില്‍ക്കും.
സംസ്ഥാനത്താകെ 1800 വിപണനകേന്ദ്രങ്ങളാണ് ഓണക്കാലത്ത് സഹകരണവകുപ്പ് മുഖേനെ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ 16 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ ആരംഭിക്കുന്നത്.
ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗസാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെ പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.
കേരളത്തിലെ വിവിധ സഹകരണസംഘങ്ങള്‍ കേരകര്‍ഷകരില്‍ നിന്നും നേരിട്ട് കൊപ്രശേഖരിച്ച് ഉല്പാദിപ്പിക്കുന്ന വിവിധ പേരിലുള്ള വെളിച്ചെണകളാണ് ഓണച്ചന്തകളിലൂടെ ജനങ്ങളിലേക്കെത്തുന്നത്. ദിനേശ്, റെയ്ഡ്‌കോ , മില്‍മ തുടങ്ങിയ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങളും പ്രത്യേകം വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും.
അതോടൊപ്പം നോണ്‍-സബ്‌സിഡി ഇനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും. പ്രമുഖ ബ്രാന്റ് കമ്പനികളുടെ എഫ് എം സി ജി ഉല്പന്നങ്ങളും ഓഫര്‍ വിലകളില്‍ ലഭ്യമാകും.
ത്രിവേണി ബ്രാന്റില്‍ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയിലിറക്കുന്ന തേയില, ആട്ട, മൈദ, റവ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം , സേമിയ, പാലട, അരിയട, ചുവന്നൂള്ളി, സവാള എന്നിവയും പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകും.
നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം സര്‍ക്കാര്‍ അംഗീകാരമുള്ള പ്രത്യേക ഏജര്‍സിയെ വച്ച് പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയാണ് ഓണച്ചന്തകളില്‍ വിപണനത്തിന് എത്തിക്കുന്നത്.