റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കും ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയില്‍പാത നിര്‍മ്മിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍
മോസ്‌കോ: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കും ഇന്ത്യന്‍ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയില്‍പാത നിര്‍മ്മിക്കാന്‍ റഷ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഹോര്‍മുസ് കടലിടുക്കിലും ബോസ്ഫറസ് കടലിടുക്കിലുമുള്ള യുദ്ധസാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും ഒഴിവാക്കുക എന്ന ലക്ഷ്യംകൂടി ഇത്തരമൊരു ബദല്‍ മാര്‍ഗം തേടുന്നതിനു പിന്നിലുണ്ടെന്നാണ് സൂചന.
റെയില്‍ പാത സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ മഹാസമുദ്രമേഖലയിലേക്ക് നേരിട്ട് റെയില്‍പാത നിര്‍മിക്കാനുള്ള സാധ്യതകള്‍ റഷ്യ പരിശോധിക്കുമെന്ന് അടുത്തിടെ റഷ്യന്‍ ഉപപ്രധാനമന്ത്രി മറാട് ഖുസ്നള്ളിന്‍ വെളിപ്പെടുത്തിയിരുന്നു.
തുര്‍ക്ക്മെനിസ്താന്‍, ഇറാന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെയാവും ഈ പാത കടന്നുപോവുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള എണ്ണ-വാതക വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് റഷ്യ ഈ തന്ത്രപ്രധാനമായ നീക്കം നടത്തുന്നത്.
ഈ റെയില്‍ ശൃംഖല യാഥാര്‍ത്ഥ്യമായാല്‍ അത് റഷ്യയില്‍നിന്ന് ഇന്ത്യന്‍ മഹാസമുദ്രമേഖലകളിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കും.
ഏഷ്യയിലെ വ്യാപാര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങളാവും അത് കൊണ്ടുവരിക. ബോസ്ഫറസ്, ഹോര്‍മുസ് എന്നീ കടലിടുക്കുകളിലെ ഉപരോധങ്ങളോ സുരക്ഷാപ്രശ്നങ്ങളോ ഈ പാതയെ ബാധിക്കില്ല എന്നതും നേട്ടമാണ്.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 25 ശതമാനവും എല്‍എന്‍ജി കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്.
ഇവിടെയുണ്ടാകുന്ന ഉപരോധങ്ങള്‍ ആഗോളവ്യാപാരത്തെ ബാധിക്കാതിരിക്കാന്‍ ഈ ബദല്‍പാത സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍.