ഒടുവില്‍ സമവായം; പിഎസ്സി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, മുസ്ലിം ലീഗിന്റെ പ്രതിനിധിയായി ഷാഫി ചാലിയത്തെ നിര്‍ദേശിച്ചു
തിരുവനന്തപുരം: പിഎസ്സി അംഗങ്ങളുടെ നിയമനവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ നിയമനവും സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മന്ത്രിസഭായോഗം രണ്ടര മണിക്കൂറിലേറെ നീണ്ടു.
ഇരുവിഷയങ്ങളിലും മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം ഉയര്‍ന്നെങ്കിലും ഒടുവില്‍ സമവായത്തിലെത്തി. പിഎസ്സിയിലെ അഞ്ച് അംഗങ്ങളുടെ നിയമനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
പിഎസ്സി അംഗങ്ങളുടെ നിയമനത്തിനായി മുഖ്യമന്ത്രി അവതരിപ്പിച്ച പട്ടികയിലാണ് മന്ത്രിസഭയില്‍ ആദ്യം എതിര്‍പ്പുയര്‍ന്നത്. മന്ത്രിമാരുമായി കൂടിയാലോചിക്കാതെയാണ് പട്ടിക തയ്യാറാക്കിയതെന്നായിരുന്നു വിമര്‍ശനം. പിന്നാലെ മറ്റ് മന്ത്രിമാരും വിഷയത്തില്‍ അഭിപ്രായം അറിയിച്ചതോടെ ചര്‍ച്ച നീണ്ടു.
സുധാ മേനോന്റെ സ്ഥിരതാമസം സംബന്ധിച്ചും മുഖ്യമന്ത്രി എതിര്‍പ്പ് ഉന്നയിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി അഹമ്മദാബാദിലാണ് അവര്‍ താമസിക്കുന്നതെന്നും കേരളത്തില്‍ സ്ഥിരതാമസമില്ലാത്ത ഒരാളെ പിഎസ്സി അംഗമായി പരിഗണിക്കുന്നത് ശരിയായ രീതിയല്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
തുടര്‍ന്ന് സുധാ മേനോന് പകരം മറ്റൊരു പേര് നിര്‍ദേശിക്കാന്‍ കെ.സി. വിഭാഗത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ആര്‍. സനല്‍കുമാറിന്റെ പേര് മുന്നോട്ടുവച്ചു.
ജി. ഗോപകുമാര്‍, രമേശ് എന്‍. തമ്പി, റോസമ്മ ഫിലിപ്പ്, ആര്‍. സനല്‍കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസ് പ്രതിനിധികളായി പട്ടികയിലുള്ളത്. മുസ്ലിം ലീഗിന്റെ പ്രതിനിധിയായി ഷാഫി ചാലിയത്തെയും നിര്‍ദേശിച്ചു. അഞ്ചുപേരുടെയും നിയമനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി.