ദേഷ്യത്തെ ജയിക്കാം, സ്നേഹം നിലനിർത്താം: പങ്കാളികൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

 
Love

​ദേഷ്യത്തോടെ ഉറങ്ങാൻ പോകരുത്’ എന്നത് വിവാഹജീവിതത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ഉപദേശങ്ങളിലൊന്നാണ്. ദാമ്പത്യത്തിൽ ദേഷ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിപ്പിക്കുന്ന അഞ്ച് കാര്യങ്ങൾ ഇതാ.

​1. ദേഷ്യം എല്ലായ്‌പ്പോഴും പാപമല്ല


​ദേഷ്യം തോന്നുന്നത് തെറ്റാണെന്ന് പലരും കരുതുന്നു. എന്നാൽ, തെറ്റിനോടും അനീതിയോടും ദേഷ്യം തോന്നുന്നത് സ്വാഭാവികമാണ്. ‘ദേഷ്യപ്പെടുവിൻ; എന്നാൽ പാപം ചെയ്യരുത്’ എന്നാണ് വചനം പറയുന്നത്. ദേഷ്യം തോന്നുന്നത് അംഗീകരിക്കുക എന്നാൽ, അത് പങ്കാളിയെ മുറിപ്പെടുത്തുന്ന രീതിയിലേക്ക് മാറാതിരിക്കാൻ ശ്രദ്ധിക്കുക.

​2. ദേഷ്യം ഉപേക്ഷിക്കാൻ ശ്രമിക്കുക

​ദേഷ്യത്തിന് നമ്മുടെയുള്ളിൽ വലിയ സ്ഥാനം നൽകരുത്. കയ്പ്പും ക്രോധവും മനസ്സിൽ സൂക്ഷിക്കുന്നത് ബന്ധങ്ങളെ തകർക്കും. ശരിയായ കാര്യത്തിന് ദേഷ്യം തോന്നിയാലും അത് പ്രകടിപ്പിച്ച ശേഷം ആ വികാരം മനസ്സിൽ നിന്ന് മായ്ച്ചുകളയാൻ തയ്യാറാകണം.

​3. സൂര്യൻ അസ്തമിക്കുന്നതിനു മുൻപ് പരിഹരിക്കുക

​ഓരോ ദിവസവും 24 മണിക്കൂർ എന്നത് ദൈവത്തിന്റെ കരുണയാണ്. പ്രശ്നങ്ങൾ ദിവസങ്ങളോളം നീട്ടിക്കൊണ്ടുപോകാതെ അന്ന് തന്നെ പരിഹരിക്കാനുള്ള ഒരു പരിധിയായി ഇതിനെ കാണുക. പൂർണ്ണമായ പരിഹാരത്തിന് ചിലപ്പോൾ സമയമെടുത്തേക്കാം. എങ്കിലും അന്ന് രാത്രി മനസ്സിലെ ദേഷ്യം കളഞ്ഞ് സമാധാനത്തോടെ ഉറങ്ങാൻ തീരുമാനിക്കുക.

​4. പിശാചിന് ഇടം കൊടുക്കരുത്

​പരിഹരിക്കപ്പെടാത്ത പിണക്കങ്ങൾ പിശാചിന് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരാനുള്ള വാതിലുകളാണ്. ദേഷ്യം മനസ്സിൽ വച്ചുകൊണ്ട് ഉറങ്ങുന്നത് പ്രാർഥനയെയും ശാരീരിക അടുപ്പത്തെയും കുടുംബജീവിതത്തെയും ബാധിക്കും. നിങ്ങളുടെ പോരാട്ടം പങ്കാളിയോടല്ല, മറിച്ച് സ്നേഹത്തെ തകർക്കാൻ ശ്രമിക്കുന്ന തിന്മയോടാണെന്ന് ഓർക്കുക.

​5. ക്രിസ്തു ക്ഷമിച്ചതുപോലെ ക്ഷമിക്കുക

​ക്രിസ്തു നമ്മുടെ പാപങ്ങളോട് എങ്ങനെ ക്ഷമിച്ചുവോ അതുപോലെ പങ്കാളിയോട് ക്ഷമിക്കാൻ പഠിക്കുക. കഠിനമായ സാഹചര്യങ്ങളിലും ദയയും കരുണയും കാണിക്കുന്നതു വഴി ദൈവസ്നേഹം നമ്മുടെ ജീവിതത്തിൽ പ്രതിഫലിക്കും. ഓരോ വഴക്കും സ്നേഹം വർധിപ്പിക്കാനുള്ള ഒരു അവസരമാക്കി മാറ്റാം.

​ദാമ്പത്യത്തിൽ അടുപ്പം കൂടുമ്പോൾ പിണക്കങ്ങളും സ്വാഭാവികമാണ്. എന്നാൽ, ആ ദേഷ്യം നിങ്ങളുടെ ഉറക്കത്തെയും സമാധാനത്തെയും കവർന്നെടുക്കാൻ അനുവദിക്കരുത്. സ്നേഹത്തോടെയും ക്ഷമയോടെയും ഓരോ ദിവസവും അവസാനിപ്പിക്കുക.

Tags

Share this story

From Around the Web