പുനഃസംഘടന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം:പുനഃസംഘടന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തിയിരിക്കുകയാണ്. അതിനാല്‍ പുനഃസംഘടന അതിവേഗം നടപ്പാക്കേണ്ടതുണ്ടെന്നും എല്ലാ നേതാക്കളുമായി ആലോചിച്ചായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി പ്രതിപക്ഷത്തിലിരിക്കുമ്പോള്‍ കുറച്ച് പേര്‍ക്ക് പദവികള്‍ നല്‍കേണ്ടിവരുന്ന സാഹചര്യം സ്വാഭാവികമാണ്. അതില്‍ അതിശയപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ളവര്‍ക്കാണ് ചുമതലകള്‍ നല്‍കുന്നത്. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും പതിവാണ്. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സമയമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വത്തെ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡന്റുമാരും പുനഃസംഘടനയെ സംബന്ധിച്ച ആശയവിനിമയങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തിയിരിക്കുന്നത്. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടന്‍ നടത്താനാണ് നീക്കം.
ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വര്‍ക്കിംഗ് പ്രസിഡന്റുമാരും തമ്മില്‍ ഇന്നും നാളെയും കൂടിക്കാഴ്ച നടത്തിയ ശേഷം ഹൈക്കമാണ്ടുമായി ആശയവിനിമയം നടത്തും. ഡിസിസിമാരെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയവും ചര്‍ച്ചയും ഉണ്ടാകുമെന്നാണ് സൂചന.