കേരളം പിടിച്ചിട്ടും അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന് രക്ഷയില്ല, എംഎൽഎമാരുടെ എണ്ണത്തിൽ 44% ഇടിവ്, ബിജെപിക്ക് വൻ കുതിപ്പ്
ന്യൂഡൽഹി: കേരളത്തിൽ യു.ഡി.എഫ് വൻ വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും ദേശീയതലത്തിൽ കോൺഗ്രസിന്റെ ഗ്രാഫ് ഇപ്പോഴും താഴോട്ടാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ഒറ്റയടിക്ക് നാൽപ്പതിലധികം എം.എൽ.എമാരെ കോൺഗ്രസിന് നേടാനായെങ്കിലും, രാജ്യത്തെ മൊത്തം കണക്കുകൾ പരിശോധിച്ചാൽ പാർട്ടിക്ക് വലിയ പ്രതീക്ഷ നൽകുന്നതല്ല ഇപ്പോഴത്തെ സാഹചര്യം. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അസമിൽ കോൺഗ്രസിന്റെ എം.എ.എമാരുടെ എണ്ണം 29-ൽ നിന്നും 19 ആയി കുറഞ്ഞു.
2007-ൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി രാഹുൽ ഗാന്ധി കോൺഗ്രസിന്റെ നേതൃനിരയിലേക്ക് എത്തിയതിന് ശേഷമുള്ള കണക്കുകൾ പാർട്ടിയുടെ കനത്ത തകർച്ചയാണ് കാണിക്കുന്നത്. 2008-ൽ ഇന്ത്യയൊട്ടാകെ കോൺഗ്രസിന് 1,204 എം.എ.എമാരുണ്ടായിരുന്നു. എന്നാൽ 2026-ൽ എത്തുമ്പോൾ ഇത് ഏതാണ്ട് 44 ശതമാനം ഇടിഞ്ഞ് വെറും 676 ആയി ചുരുങ്ങി.
ഇതേ കാലയളവിൽ 101 ശതമാനത്തിന്റെ വൻ വളർച്ചയാണ് ബി.ജെ.പി കൈവരിച്ചത്. 2008-ൽ 889 എം.എൽ.എമാരുണ്ടായിരുന്ന സ്ഥാനത്ത് 2026-ൽ ബി.ജെ.പി അത് 1,787 ആയി ഉയർത്തി. ഇന്ന് ഇന്ത്യയിലാകെയുള്ള 4,120 നിയമസഭാ സാമാജികരിൽ രണ്ടുപേരിൽ ഒരാൾ ബി.ജെ.പിയിൽ നിന്നുള്ള ആളാണ് (ആറിൽ ഒന്ന് മാത്രമാണ് കോൺഗ്രസ് പ്രാതിനിധ്യം).
2008-ന് ശേഷം കോൺഗ്രസിന് 1,200-ലധികം എം.എൽ.എമാരെ നേടാനായത് 2012-ൽ മാത്രമാണ് (1,224 എം.എൽ.എമാർ). എന്നാൽ 2014 ആയപ്പോഴേക്കും ഇത് 25 ശതമാനം ഇടിഞ്ഞ് 911 ആയി കുറഞ്ഞു.
എം.എൽ.എമാരുടെ എണ്ണത്തിൽ 2013-14 കാലഘട്ടത്തിലാണ് ബി.ജെ.പി കോൺഗ്രസിനെ മറികടക്കാൻ തുടങ്ങിയത്. അവിടെനിന്നും ബി.ജെ.പി മുകളിലേക്കും കോൺഗ്രസ് താഴേക്കും സഞ്ചരിക്കാൻ തുടങ്ങി.