നവകേരളത്തിന്റെ ശില്പികളാകാന്‍ നിയോഗം ലഭിച്ച നിയുക്ത സര്‍ക്കാരിന് ആശംസകള്‍: കെസിബിസി
കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ആശംസകള്‍ നേര്‍ന്നു. ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കാനും പുതിയ സര്‍ക്കാരിന് സാധിക്കട്ടെയെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍ ആശംസിച്ചു.
ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും അധിഷ്ഠിതമായ സമഭാവനയും സഹവര്‍ത്തിത്വവുമാകണം പുതിയ ഭരണകൂടത്തിന്റെ മുഖമുദ്ര.
വിഭാഗീയതകള്‍ക്കും ചേരിതിരിവുകള്‍ക്കും അതീതമായി സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന സംസ്‌കാരം സംസ്ഥാനത്ത് വളര്‍ന്നുവരേണ്ടതുണ്ട്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണ്ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ ആനുകാലിക പ്രതിസന്ധികള്‍ക്ക് ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരിന് കഴിയണം. പ്രത്യേകിച്ച്, മലയോര കര്‍ഷകരും തീരദേശ ജനതയും നേരിടുന്ന ഗൗരവകരമായ ജീവല്‍പ്രശ്‌നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു.
അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികളും സജീവമായ ഇടപെടലുകളും അനിവാര്യമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യമായ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തന ശൈലി പുതിയ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സമൂഹം വിശ്വസിക്കുന്നു.
നവകേരളത്തിന്റെ ശില്പികളാകാന്‍ നിയോഗം ലഭിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്‍വ്വേശ്വരന്‍ തുണയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണെന്നും കെസിബിസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.