കോംഗോയിലെ സംഘര്‍ഷങ്ങള്‍ മൂലം കുടിയൊഴിക്കപ്പെട്ടവര്‍ അഞ്ചുലക്ഷം കവിഞ്ഞു: യൂണിസെഫ്
കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ തുടരുന്ന കടുത്ത അക്രമങ്ങള്‍ മൂലം കുടിയൊഴിയാന്‍ നിര്‍ബന്ധിതരായവരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞെന്നും, അതില്‍ ഒരുലക്ഷത്തിലധികവും കുട്ടികളാണെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
ഡിസംബര്‍ 15 തിങ്കളാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് കോംഗോയിലെ സാധാരണ ജനം കടന്നുപോകുന്ന കടുത്ത സാഹചര്യങ്ങളെക്കുറിച്ച് സംഘടന വിശദീകരിച്ചത്.
കോംഗോയുടെ കിഴക്കന്‍ പ്രദേശത്ത്, പ്രത്യേകിച്ച് തെക്കന്‍ കിവുവില്‍ അടുത്തിടെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ വഷളായതിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകള്‍ സ്വഭവനങ്ങള്‍ വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്നും, അവരില്‍ പലരും രാജ്യത്തിനുള്ളിലും സമീപരാജ്യങ്ങളായ ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളിലും അഭയാര്‍ത്ഥികളായി കഴിയുകയാണെന്നും ഐക്യരാഷ്ട്രസഭാസംഘടന തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഡിസംബര്‍ 2 മുതല്‍ 15 വരെ തീയതികളില്‍ മാത്രം നൂറുകണക്കിന് ആളുകളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്ന് ഓര്‍മ്മിപ്പിച്ച ശിശുക്ഷേമനിധി, ഈ കാലയളവില്‍ മാത്രം രാജ്യത്ത് അക്രമികള്‍ 7 സ്‌കൂളുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായും ഈ സംഭവങ്ങളില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞതായും ആറ് കുട്ടികള്‍ക്ക് പരിക്കേറ്റതായും വ്യക്തമാക്കി.
ഡിസംബര്‍ 6-നും 11-നുമിടയില്‍ മാത്രം 50.000-ലധികം ആളുകള്‍ ബുറുണ്ടി അതിര്‍ത്തി കടന്നുവെന്നും, ഇവരില്‍ പകുതിയോളം കുട്ടികളാണെന്നും യൂണിസെഫ് എഴുതി.
എന്നാല്‍ കുടിയിറങ്ങിയവരുടെ എണ്ണം ഇനിയും തിട്ടപ്പെടുത്തിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ഈ സംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്നും അറിയിച്ച യൂണിസെഫ്, സംഘര്‍ഷങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, തങ്ങളുടെ കുടുംബങ്ങളില്‍നിന്ന് ഒറ്റപ്പെട്ട കുട്ടികളും സ്ത്രീകളും കടുത്ത പ്രതിസന്ധികളാണ് നേരിടുന്നതെന്നും അപലപിച്ചു.
അഭയം തേടി കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്ന കുട്ടികളുടെ സുരക്ഷയിലുള്ള തങ്ങളുടെ ആശങ്ക വ്യക്താക്കിയ യൂണിസെഫ്, അക്രമങ്ങളിലും സംഘര്‍ഷങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, അന്താരാഷ്ട്രമാനവികനിയമങ്ങളും അവകാശങ്ങളും മാനിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്നും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കോംഗോയിലും ബുറുണ്ടിയിലുമുള്ള സര്‍ക്കാരുകളുമായി സഹകരിച്ച്, കുട്ടികളുള്‍പ്പെടെയുള്ളവര്‍ നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ക്ക് പരിഹാരം തേടാന്‍ പരിശ്രമിക്കുകയാണ് തങ്ങളെന്നും സംഘടന വിശദീകരിച്ചു.