മാനവികകുടുംബത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരാന്‍ കുമ്പസാരം സഹായിക്കും: ലിയോ പാപ്പാ
മനഃസാക്ഷിയുടെ ശുദ്ധതയുടെ ആവശ്യം ഓര്‍മ്മിപ്പിച്ചും, അനുരഞ്ജന കൂദാശയുടെ സാമൂഹികപ്രാധാന്യം എടുത്തുപറഞ്ഞും ലിയോ പതിനാലാമന്‍ പാപ്പാ.
കഴിഞ്ഞ ദിവസങ്ങളില്‍ അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറി കുമ്പസാരമെന്ന അനുരഞ്ജനകൂദാശയും ആദ്ധ്യാത്മിക ആന്തരിക തലവുമായി ബന്ധപ്പെട്ട് നടത്തിയ 'ആന്തരിക തലത്തെക്കുറിച്ചുളള' കോഴ്‌സില്‍ സംബന്ധിച്ചവര്‍ക്ക് മാര്‍ച്ച് 13 വെള്ളിയാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച അവസരത്തില്‍, മനഃസാക്ഷിയുടെ ശരിയായ വിലയിരുത്തലിനെക്കുറിച്ചും, അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ആവശ്യത്തെക്കുറിച്ചും പാപ്പാ ഓര്‍മ്മിപ്പിച്ചു.
സമാധാനവും ഐക്യവും വളര്‍ത്തുന്നതില്‍ കുമ്പസാരത്തിനുള്ള ശക്തിയെക്കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞ പാപ്പാ, ദൈവവുമായും സഭയുമായും അനുരഞ്ജനപ്പെട്ട ഒരു വ്യക്തിക്കേ, ആയുധരഹിതവും, നിരായുധീകരണത്തിന്റേതുമായ ശൈലിയില്‍ ജീവിക്കാനാകൂ എന്ന് ഓര്‍മ്മിപ്പിച്ചു.
ദൈവവുമായുള്ള ഐക്യം പുനഃസ്ഥാപിക്കുന്ന ഒരു കൂദാശയാണ് കുമ്പസാരമെന്നുതും പാപ്പാ തന്റെ പ്രഭാഷണത്തില്‍ അനുസ്മരിച്ചു.
സംഘര്‍ഷ, യുദ്ധ മേഖലകളില്‍ ഉത്തരവാദിത്വപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരും ഇടപെടുന്നവരുമായ ക്രൈസ്തവര്‍ ശരിയായ രീതിയില്‍ തങ്ങളുടെ മനഃസാക്ഷിയെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടോ എന്ന ചോദ്യം ഇന്ന് നമുക്ക് മുന്നില്‍ ഉയര്‍ന്നുണ്ടെന്ന് പാപ്പാ അനുസ്മരിച്ചു.
തങ്ങളുടെ അഹന്തയുടെ ആയുധങ്ങള്‍ താഴെവച്ച് ദൈവത്തിന്റെ കരുണയാലും ക്ഷമയാലും നവീകരിക്കപ്പെടാന്‍ തങ്ങളെത്തന്നെ വിട്ടുകൊടുക്കുന്ന ക്രൈസ്തവര്‍, തങ്ങളുടെ അനുദിനജീവിതത്തില്‍ അനുരഞ്ജനത്തിന്റെ വക്താക്കളും പ്രവര്‍ത്തകരുമായി മാറുമെന്ന് പാപ്പാ പ്രസ്താവിച്ചു.
വര്‍ഷത്തില്‍ ഒരിക്കലെങ്കിലും അനുരഞ്ജനകൂദാശയില്‍ പങ്കെടുക്കണമെന്ന ഉദ്‌ബോധനമാണ് സഭയുടെ ദൈവശാസ്ത്രപരമായ വിചിന്തനങ്ങളും പഠനങ്ങളും ഇന്ന് നല്‍കുന്നതെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, എന്നാല്‍ സഭയുടെ അനന്തമായ കരുണയുടെ ഈ ശേഖരത്തില്‍നിന്ന് കുമ്പസാരത്തിലൂടെ ദൈവകരുണ നേടാന്‍ പലരും ശ്രമിക്കുന്നില്ലെന്ന കാര്യവും എടുത്തുപറഞ്ഞു. വിശ്വാസത്തിന്റെയും ഹൃദയത്തിന്റെയും എളിമയോടെ കര്‍ത്താവിന്റെ കൃപ നേടാനായി കുമ്പസാരക്കൂടിനോടടുക്കുകയാണ് വേണ്ടതെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ കരുണയാണ്, അനുരഞ്ജനകൂദാശയിലൂടെ നിങ്ങള്‍ നല്‍കുന്നതെന്ന് മറക്കരുതെന്നും, ജോണ്‍ മരിയ വിയാനിയെയും, ലിയോപോള്‍ഡ് മന്ദിച് തുടങ്ങിയ അനേകര്‍ കുമ്പസാരക്കൂടുകളിലൂടെയാണ് വിശുദ്ധരായി മാറിയതെന്നും വൈദികരെയും വൈദികാര്‍ത്ഥികളെയും പാപ്പാ ഓര്‍മ്മിപ്പിച്ചു.
കുമ്പസാരമെന്ന കൂദാശ വ്യക്തികളുടെ ആന്തരിക ഐക്യത്തെ കെട്ടിപ്പടുക്കുന്നത് വഴി, സഭയെത്തന്നെയാണ് പടുത്തുയര്‍ത്തുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. കുമ്പസാരക്കാര്‍, മുടക്കം കൂടാതെ കുമ്പസാരം നടത്തേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. തങ്ങള്‍ക്ക് ലഭിച്ച ദൈവകരുണയുടെ ശുശ്രൂഷകരാകാന്‍ അങ്ങനെ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സാധിക്കുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.