സൃഷ്ടിയുടെ സംരക്ഷണത്തിനായി യൂറോപ്യന്‍ മെത്രാൻ സമിതിയുടെ കീഴില്‍ വത്തിക്കാനില്‍ സമ്മേളനം

വത്തിക്കാന്‍ സിറ്റി; യൂറോപ്പിലെ മെത്രാൻ സമിതിയുടെ കീഴില്‍ സൃഷ്ടിയുടെ സംരക്ഷണത്തിനായി സമ്മേളനം മാർപാപ്പമാരുടെ വേനൽക്കാലവസതിയായി അറിയപ്പെടുന്ന കാസ്റ്റൽ ഗണ്ടോൾഫോയില്‍ മറ്റന്നാള്‍ മുതല്‍ നടക്കും.
യൂറോപ്പിലെ മെത്രാൻ സമിതിയുടെ കീഴിലുള്ള സൃഷ്ടി സംരക്ഷണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിലാണ് സെപ്റ്റംബർ 19-21 വരെ സൃഷ്ടിയുടെ സംരക്ഷണ സമ്മേളനം നടക്കുക.
പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന 2015ൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തില്‍ നിന്നുള്ള പ്രചോദനമനുസരിച്ചാണ് സമ്മേളനം.
“ലൗദാത്തോ സീ”: പരിവർത്തനവും പ്രതിബദ്ധതയും- എന്നതാണ് സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
“ലൗദാത്തോ സീ”യുടെ പത്താം വാർഷികവും സമ്മേളനത്തിൽ അനുസ്മരിക്കപ്പെടും.
യൂറോപ്പിലെ മെത്രാൻ സംഘങ്ങളുടെ സമിതിയിൽ സൃഷ്ടിയുടെ സംരക്ഷണ ചുമതലയുള്ള വിഭാഗങ്ങളുടെ ദേശീയ ഉത്തരവാദിത്വം പേറുന്നവരും മെത്രാന്മാരും ഉൾപ്പടെ നിരവധിപ്പേർ പങ്കുകൊള്ളും.
സഭയുടെ പാരിസ്ഥിതിക അജപാലന ദൗത്യം, പൊതുഭവനത്തിൻറെ സംരക്ഷണച്ചുമതല തുടങ്ങിയവയെക്കുറിച്ചുള്ള ആശയങ്ങൾ സമ്മേളനത്തിൽ പങ്കുവയ്ക്കപ്പെടും.
കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ അനുഭവിക്കുന്ന ആധുനിക കാലഘട്ടത്തിൽ, പ്രകൃതിയെയും അതിന്റെ വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മുൻനിർത്തി പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമായി വത്തിക്കാനിലെ കാസ്റ്റൽ ഗണ്ടോൾഫോയില്‍ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം' കഴിഞ്ഞ മാസം ലെയോ പതിനാലാമൻ പാപ്പ ഉദ്‌ഘാടനം ചെയ്തിരിന്നു.
55 ഹെക്ടർ വിസ്തൃതിയുള്ള ഗ്രാമത്തിൽ ചരിത്രപരമായ പൂന്തോട്ടങ്ങൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ, പുരാവസ്തു അവശിഷ്ടങ്ങൾ, കാർഷിക പ്രദേശങ്ങൾ, ജൈവവും പുനരുജ്ജീവനവുമായ പരിശീലനത്തിനും കൃഷിക്കുമായി സമർപ്പിച്ചിരിക്കുന്ന പുതിയ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിന്നു.