2027 ലെ ആഗോള യുവജനദിനത്തിനു മുന്നോടിയായുള്ള സമ്മേളനം; പതിനായിരത്തിലധികം മെക്സിക്കൻ യുവജനങ്ങൾ പങ്കെടുക്കും
2027 ൽ ദക്ഷിണ കൊറിയയിലെ സിയൂളിൽ നടക്കാനിരിക്കുന്ന ആഗോള യുവജനദിനത്തിനായുള്ള ഒരുക്കങ്ങളിലാണ് മെക്സിക്കോയിലുടനീളമുള്ള കത്തോലിക്കാ യുവജനങ്ങൾ. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ രൂപതകളിൽ നിന്നുള്ള പതിനായിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കുന്ന ദേശീയ യുവജനദിന സമ്മേളനത്തിന് മെക്സിക്കോയിലെ മോണ്ടെറെ വേദിയാകും. ജൂൺ 15 ന് നടന്ന വാർത്താസമ്മേളനത്തിലാണ് സംഘാടകർ ഈ സംഗമത്തെക്കുറിച്ച് വ്യക്തമാക്കിയത്.
“നിങ്ങളും സാക്ഷ്യം വഹിക്കുക. കാരണം, നിങ്ങൾ എന്നോടു കൂടെയുണ്ട്” എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 15, 16 തീയതികളിലാണ് സമ്മേളനം നടക്കുക. പ്രാർഥനകൾ, കോൺഫറൻസുകൾ, വിവിധ അജപാലന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന പരിപാടിയുടെ പ്രധാന ആകർഷണം വിശുദ്ധ കുർബാനയായിരിക്കും.
മെക്സിക്കോയിൽ ദേശീയ യുവജനദിനം സംഘടിപ്പിക്കുന്നത് ഇത് ആദ്യമല്ല. 2019 ലെ പനാമ ലോക യുവജനദിനത്തിനു മുന്നോടിയായി 2018 ൽ മെക്സിക്കോ സിറ്റിയിലെ ‘ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്വാഡലൂപ്പെ’യിൽ വച്ചായിരുന്നു ആദ്യ സമ്മേളനം. തുടർന്ന് 2022 ൽ പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജനദിനത്തിനു മുന്നോടിയായി ഗ്വാഡലഹാര രൂപതയിലും രണ്ടാമത്തെ സമ്മേളനം നടന്നിരുന്നു.
യുവജനങ്ങൾക്കായുള്ള മെക്സിക്കൻ എപ്പിസ്കോപ്പൽ ഡയമൻഷൻ (DEMPAJ) എക്സിക്യൂട്ടീവ് സെക്രട്ടറി തെരേസ റാമോസ് ഈ സംരംഭത്തെ സംഗമത്തിന്റെയും സാക്ഷ്യത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മിഷനറി ചൈതന്യത്തിന്റെയും ആഘോഷം എന്നാണ് വിശേഷിപ്പിച്ചത്.