നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെസ്റ്റ് ബാങ്കിലെ ക്രൈസ്തവ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് ക്രിസ്ത്യന്‍ നേതൃത്വം

ജെറുസലേം: വെസ്റ്റ് ബാങ്കിലെ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യന്‍ പട്ടണമായ തായ്ബെയില്‍ സ്ഥിതി ചെയ്യുന്ന അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് പ്രാദേശിക ക്രിസ്ത്യന്‍ നേതാക്കള്‍.
ആക്രമണം ദേവാലയത്തിനും അതിനടുത്തുള്ള ക്രിസ്ത്യന്‍ സെമിത്തേരിക്കും കേടുപാടുകള്‍ വരുത്തിയെന്നും ക്രിസ്ത്യന്‍ സമൂഹത്തിനെ നേരിട്ടു ലക്ഷ്യംവച്ചുള്ള ആക്രമണത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നതായും പ്രാദേശിക ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ദേവാലയത്തിനും സെമിത്തേരിയ്ക്കും നേരെ ആക്രമണമുണ്ടായത്. അഗ്‌നിയ്ക്കിരയാക്കുവാനായിരിന്നു ശ്രമം.
ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസാബല്ലയും തായ്‌ബെ ഗ്രാമത്തില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. ആക്രമണത്തെ അപലപിക്കുകയാണെന്നും ഇസ്രായേല്‍ അധികൃതര്‍ ആക്രമണ സംഭവത്തില്‍ പ്രതികരിച്ചില്ലായെന്നും ഇരുവരും പറഞ്ഞു.
ക്രൈസ്തവരെ അവരുടെ പൂര്‍വ്വിക ഭൂമിയില്‍ നിന്ന് പുറത്താക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായുള്ള ആക്രമണമാണിതെന്ന് ജറുസലേമിലെ വിവിധ സഭാ മേധാവികളുടെ കൗണ്‍സില്‍ പ്രസ്താവിച്ചു.
കന്നുകാലികളെ ക്രൈസ്തവരുടെ കൃഷിയിടങ്ങളിലേക്ക് മേയാന്‍ കൊണ്ടുവിടുക, ഉപജീവന സഹായമായ ഒലിവ് തോട്ടങ്ങള്‍ നശിപ്പിക്കുക, വീടുകള്‍ ആക്രമിക്കുക തുടങ്ങിയ ആക്രമണ സംഭവങ്ങള്‍ സമീപ മാസങ്ങളില്‍ ആവര്‍ത്തിച്ചുള്ളതായി ക്രിസ്ത്യന്‍ നേതാക്കള്‍ വെളിപ്പെടുത്തിയതായി 'കാത്തലിക് ഹെറാള്‍ഡ്' റിപ്പോര്‍ട്ട് ചെയ്യുന്നു. 'നിങ്ങള്‍ക്ക് ഇവിടെ ഭാവിയില്ല' എന്നെഴുതിയ ബോര്‍ഡുകളും ഇസ്രായേലി കുടിയേറ്റക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ അന്താരാഷ്ട്ര കാര്യ വകുപ്പിന്റെ അധ്യക്ഷന്‍ ബിഷപ്പ് നിക്കോളാസ് ഹഡ്സണ്‍ ആക്രമണത്തെ അപലപിച്ചു. പലസ്തീന്‍ ക്രൈസ്തവ സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും അധികാരികളില്‍ നിന്ന് നിര്‍ണായക നടപടി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അക്രമ സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച് പരിശുദ്ധ സിംഹാസനത്തിലെ ഇസ്രായേലി അംബാസഡര്‍ യാരോണ്‍ സൈഡ്മാന്‍ രംഗത്ത് വന്നിട്ടുണ്ട്. ആക്രമണം ഗൗരവമായി അന്വേഷിക്കുമെന്നു അദ്ദേഹം പറഞ്ഞു. ജോര്‍ദാനിലെ അബ്ദുള്ള രണ്ടാമന്‍ രാജാവും ആക്രമണങ്ങളെ അപലപിച്ചിരിന്നു.
വെസ്റ്റ് ബാങ്കിലെ ഏകദേശം 61% വരുന്ന ഏരിയ സി പൂര്‍ണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇവിടെയാണ് അധിനിവേശ ആക്രമണങ്ങള്‍ നടക്കുന്നത്.