നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് അപകടം; യുവതിയുടെ കൈക്ക് പരിക്ക്

നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ കോൺക്രീറ്റ് പാളി അടർന്നു വീണ് ഒരു യുവതിക്ക് പരിക്ക്. ഇന്ന് രാവിലെ പി.എം.ആർ. ഒ.പി.യിലാണ് സംഭവം നടന്നത്. ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ താമസിക്കുന്ന നൗഫിയ നൗഷാദിനാണ് പരിക്കേറ്റത്. നടുവേദനയെ തുടർന്ന് ചികിത്സയ്ക്കായി മുത്തച്ഛൻ ബി. ഫസലുദ്ദീനൊപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു നൗഫിയ.
ഡോക്ടറെ കാണിക്കാനായി കാത്തിരിക്കുന്നതിനിടെയാണ് മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ അടർന്ന് താഴേക്ക് വീണത്. നൗഫിയയുടെ ഇടതുകൈയിലും മുതുകിലുമാണ് കോൺക്രീറ്റ് പാളികൾ വീണ് പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഈ പി.എം.ആർ. ഒ.പി. ഇവിടെനിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി.
പരിക്കേറ്റ നൗഫിയയുടെ കൈയിൽ എക്സ്റേ പരിശോധന നടത്തിയെങ്കിലും മറ്റ് ഗുരുതര പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തോടെ ജില്ലാ ആശുപത്രിയുടെ കെട്ടിടങ്ങളുടെ സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്കകൾ ശക്തമായിട്ടുണ്ട്.