ലെയോ പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനത്തിന് സമാപനം
വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 22 മുതല്‍ വത്തിക്കാനിലെ പൗളിൻ ചാപ്പലിൽ നടന്നുവരികയായിരിന്ന ലെയോ പാപ്പയുടെയും റോമന്‍ കൂരിയ അംഗങ്ങളുടെയും നോമ്പുകാല ധ്യാനത്തിന് സമാപനം. നോർവേയിലെ ട്രോണ്ട്ഹൈമിലെ സിസ്റ്റേഴ്‌സിയൻ ബിഷപ്പ് എറിക് വാർഡന്‍ നയിച്ച ധ്യാനം ആഴമേറിയ ആത്മീയാനുഭവമായിരിന്നുവെന്ന് ലെയോ പാപ്പ പ്രതികരിച്ചു. യൂജിൻ മൂന്നാമൻ എന്ന പേരിൽ പാപ്പയായിത്തീർന്ന ഇറ്റലിയിലെ പിസയിൽനിന്നുള്ള ബെർണാർഡോ ദേയി പാഗനെല്ലിക്ക് എഴുതിയ തന്റെ കത്തിലൂടെ വിശുദ്ധ ബെർണാഡ് നൽകിയ ഉപദേശങ്ങള്‍ ശ്രദ്ധേയമായിരിന്നുവെന്നും "പ്രലോഭനങ്ങളെ"ക്കുറിച്ചുള്ള ധ്യാനങ്ങളും വിശുദ്ധ ബെർണാഡ്, സന്യാസ ജീവിതം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിലൂടെ കടന്നുപോയതും അനുഭവഭേദ്യമായെന്നും പാപ്പ പറഞ്ഞു.
വിശുദ്ധൻ ജീവിച്ചിരുന്ന കാലത്തെ സഭയുടെ പ്രശ്നങ്ങൾക്ക് പ്രയോഗികപരിഹാരം നിർദ്ദേശിക്കുക എന്നതിനേക്കാൾ, മെച്ചപ്പെട്ട ഒരു പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി, നല്ല വ്യക്തികളെ കൂടെക്കൂട്ടാനാണ് വിശുദ്ധ ബെർണാഡ് പാഗനെല്ലിക്ക് നൽകുന്ന ഉപദേശമെന്ന്, ബിഷപ്പ് വാർഡൻ ധ്യാനത്തിനിടെ ഓർമ്മിപ്പിച്ചിരിന്നു. ലെയോ പതിനാലാമൻ പാപ്പ കൂടി അംഗമായ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ ആദ്ധ്യാത്മികപിതാവായ വിശുദ്ധ അഗസ്റ്റിന്റെ ഉദ്‌ബോധങ്ങളെയും ധ്യാനഗുരു തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു. മെത്രാന്റെ ഓഫീസെന്നത് ഒരു പടയാളിയുടെ ഭാണ്ഡക്കെട്ട് പോലെയാണെന്ന് വിശുദ്ധ അഗസ്റ്റിൻ എഴുതുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച ബിഷപ്പ് വാർഡൻ, ക്രിസ്തുവിന്റെ നുകം ലഘുവാണെന്നും, അത് സന്തോഷപൂർവ്വം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും തിരുവചനത്തെയും വിശുദ്ധ അഗസ്റ്റിന്റെ കൃതികളെയും അധികരിച്ച് പ്രസ്താവിച്ചു.
തങ്ങളുടെ ചുമടുകളെ സ്നേഹിക്കുന്നവർക്ക് അത് ഭാരം കുറഞ്ഞതാണെന്നും, എന്നാൽ വെറുക്കുന്നവർക്ക് അത് കഠിനമായിരിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരിന്നു.
ഫെബ്രുവരി 22നു അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ ആരംഭിച്ച ധ്യാനം ഇന്നലെയാണ് സമാപിച്ചത്. റോമിൽ താമസിക്കുന്ന കർദ്ദിനാളുമാരും കൂരിയായുടെ വിവിധ ഡിക്കാസ്റ്ററികളിലെ അധ്യക്ഷന്മാരും പാപ്പയോട് അടുത്ത് പ്രവര്‍ത്തിക്കുന്ന സഹകാരികളും ധ്യാനത്തിൽ പങ്കെടുത്തു. ധ്യാനം നയിച്ച ബിഷപ്പ് വാർഡന്‍ പില്‍ക്കാലത്ത് നിരീശ്വരവാദിയായിരിന്നു.
നിരീശ്വരവാദത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ വ്യക്തിപരമായ യാത്രയെക്കുറിച്ച് അദ്ദേഹം പലതവണ വിവരിച്ചിട്ടുണ്ട്. 2020 ഒക്ടോബർ മൂന്നിനാണ് അദ്ദേഹം അഭിഷിക്തനായത്.