പ്രത്യുത്പാദന ആരോഗ്യത്തില്‍ ആശങ്ക. വന്ധ്യത ആഗോള തലത്തില്‍ വലിയൊരു ആരോഗ്യപ്രശ്‌നമായി മാറുന്നു

 
pregenent



2036ഓടെ 35-നും 49-നും ഇടയില്‍ പ്രായമുള്ള ഏകദേശം 80 ദശലക്ഷം സ്ത്രീകള്‍ വന്ധ്യതയുടെ പിടിയിലായേക്കുമെന്ന് 'ദി ലാന്‍സെറ്റ് ഒബ്സ്റ്റെട്രിക്‌സ്, ഗൈനക്കോളജി & വിമന്‍സ് ഹെല്‍ത്ത്' പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു. 

ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന വന്ധ്യത ഒരു പ്രധാന പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് 204 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് ഗവേഷകര്‍ വ്യക്തമാക്കുന്നു.

വര്‍ദ്ധിച്ചുവരുന്ന വന്ധ്യത: കണക്കുകള്‍ പറയുന്നതെന്ത്?
2023-ല്‍ ഏകദേശം 53.6 ദശലക്ഷം സ്ത്രീകളെയാണ് വന്ധ്യത ബാധിച്ചിരുന്നത്. എന്നാല്‍ 2023 മുതല്‍ 2036 വരെയുള്ള കാലയളവില്‍ 35-49 പ്രായപരിധിയിലുള്ള സ്ത്രീകളില്‍ വന്ധ്യതാ കേസുകള്‍ ഏകദേശം 50 ശതമാനം വര്‍ധിക്കുമെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 

വൈകി അമ്മയാകാനുള്ള തീരുമാനം, പ്രായം കൂടുന്നത്, മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി എന്നിവയാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. പ്രായം കൂടുന്തോറും പ്രത്യുത്പാദന ശേഷി സ്വാഭാവികമായി കുറയുന്നതും, ഇത് ഗര്‍ഭമലസലിലേക്കും ഗര്‍ഭകാല സങ്കീര്‍ണ്ണതകളിലേക്കും നയിക്കുന്നതും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.


വന്ധ്യത: സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല
വന്ധ്യത എന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ലെന്നും പുരുഷന്മാരിലും വന്ധ്യതാ കേസുകള്‍ ഗണ്യമായി വര്‍ധിക്കുന്നുണ്ടെന്നും പഠനം ഓര്‍മ്മിപ്പിക്കുന്നു. 

സ്ത്രീകളില്‍ അണ്ഡോത്പാദന തകരാറുകള്‍, എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയിഡുകള്‍ എന്നിവ വന്ധ്യതയ്ക്ക് കാരണമാകുമ്പോള്‍, പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണം കുറയുക, ചലനശേഷിയിലുള്ള കുറവ്, ഉദ്ദാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന തടസ്സങ്ങള്‍.

പരിഹാരമാര്‍ഗ്ഗങ്ങള്‍
ഈ റിപ്പോര്‍ട്ട് പരിഭ്രാന്തി പരത്താനല്ല, മറിച്ച് പ്രത്യുത്പാദന ആരോഗ്യം സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാനാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 

വരും വര്‍ഷങ്ങളില്‍ വന്ധ്യത ഒരു വലിയ വെല്ലുവിളിയായി മാറുമെന്നിരിക്കെ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, പ്രത്യുത്പാദന സേവനങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുക, നേരത്തെ കുടുംബം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുമെന്ന് പഠനം നിര്‍ദ്ദേശിക്കുന്നു

Tags

Share this story

From Around the Web