രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്ക: മുഖ്യമന്ത്രി വി.ഡി. സതീശന്‍

 
 V d satheeshan

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ക്രിസ്മസ് ആഘോഷങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍.

ആക്രമണങ്ങള്‍ തടയാനും ആഘോഷങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ട് ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഡിസംബര്‍ ആദ്യവാരം തന്നെ നേരിട്ട് സംസാരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന 'ഫേസ് ഓഫ് ദ ഫേസ്ലെസ്'  എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകരെ ആദരിക്കുന്നതിനായി ചാവറ കള്‍ച്ചറല്‍ സെന്ററും കെ.സി.ബി.സി (ഗഇആഇ) മീഡിയ കമ്മീഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 50 വര്‍ഷത്തെ സെന്‍സസ് കണക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ കൂടുകയല്ല, മറിച്ച് 2.31 ശതമാനത്തിലേക്ക് കുറയുകയാണ് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.


 പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ ജയിലിലടച്ച് പീഡിപ്പിച്ചത് കൊലപാതകത്തിന് തുല്യമാണെന്നും, പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ ഇന്നും രാജ്യത്ത് വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


 സിനിമയുടെ പ്രദര്‍ശനം തടയാന്‍ പല കോണുകളില്‍ നിന്നും സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് 124-ഓളം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ അണിയറപ്രവര്‍ത്തകരുടെ ധീരമായ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.

Tags

Share this story

From Around the Web