കിഫ്ബിയിൽ സമഗ്ര അഴിച്ചുപണി, വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കുന്നു, കരാർ നിയമനങ്ങളിലും പരിശോധന

 
22

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തന ഘടനയിൽ വൻ അഴിച്ചുപണിക്ക് യുഡിഎഫ് സർക്കാർ നീക്കം. നിലവിൽ കിഫ്ബിയിൽ തുടരുന്ന വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ റദ്ദാക്കാനും, ഉയർന്ന ശമ്പള പാക്കേജുകൾ പുനഃപരിശോധിക്കാനും സർക്കാർ തീരുമാനിച്ചു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കി സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യം.

വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള എല്ലാ പുനർനിയമനങ്ങളും റദ്ദാക്കും. ഇവരിൽ അമ്പതിലധികം പേർ ലക്ഷങ്ങൾ ശമ്പളമായി കൈപ്പറ്റുന്നവരാണ്. ഇവരുടെ ഉയർന്ന ശമ്പളഘടന പുനഃപരിശോധിക്കും. കിഫ്ബി നേരിട്ട് നിയമിച്ച 400-ഓളം കരാർ ജീവനക്കാരുടെ കാര്യക്ഷമതയും സ്ഥാപനത്തിന് അവർ നൽകുന്ന സംഭാവനകളും പ്രത്യേക സമിതി പരിശോധിക്കും. അമിതഭാരമുണ്ടാക്കുന്ന തസ്തികകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

180 ജീവനക്കാരുള്ള ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ നിന്നും അത്യാവശ്യമുള്ള ഉദ്യോഗസ്ഥരെ മാത്രം നിലനിർത്തും. കൺസൾട്ടൻസി ഏജൻസിയായ 'കിഫ്കോൺ' വഴി ശമ്പളം കൈപ്പറ്റുന്നവരുടെ കാര്യത്തിലും കർശന പരിശോധനയുണ്ടാകും.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഭരണപരമായ ഈ അഴിച്ചുപണി. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും മുൻഗണന നൽകുമെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവുകൾ വരുംദിവസങ്ങളിൽ പുറത്തിറങ്ങുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Tags

Share this story

From Around the Web