മൂന്നാറിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം; ലംഘിച്ചാൽ 10,000 രൂപ പിഴ

 
munnar

ഇടുക്കി: മൂന്നാറിനെ പ്ലാസ്റ്റിക് മുക്ത വിനോദസഞ്ചാര കേന്ദ്രമാക്കാൻ കർശന നടപടിയുമായി മൂന്നാർ പഞ്ചായത്ത്. സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. 

നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

വിനോദസഞ്ചാര മേഖലയും പരിസ്ഥിതിയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാറിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നത്.

സിംഗിൾ യൂസ് പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ, സ്ട്രോകൾ ഉൾപ്പെടെ 10 വിഭാഗം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കാണ് പരിപൂർണ്ണ നിരോധനം.

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്താൽ ആദ്യ തവണ 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും പിഴ ഈടാക്കും. സ്ഥാപനങ്ങൾ നിയമം ലംഘിച്ചാൽ 2.5 ലക്ഷം രൂപ വരെ പിഴയുണ്ടാകും.

പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിനും മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാത്തവർക്കും പിഴയുണ്ടാകും നിരോധിത പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം, വിൽപന, സംഭരണം എന്നിവയെക്കുറിച്ച് വിവരം നൽകി നടപടി സ്വീകരിക്കാൻ സഹായിക്കുന്നവർക്ക് ഈടാക്കുന്ന പിഴയുടെ 25 ശതമാനം വരെ പാരിതോഷികം നൽകുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി പ്രത്യേക വാട്ട്സ്ആപ്പ് നമ്പറും ഉടൻ പ്രവർത്തനസജ്ജമാക്കും.

Tags

Share this story

From Around the Web