ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കള്‍

 
CHIRYAEENKEEZHU



തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പൊലീസ് മര്‍ദ്ദനമേറ്റ് സജി എന്ന യുവാവ് മരിച്ചെന്ന പരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍. യുവാവിന് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ നിന്ന് വേണ്ട ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ യുവാവിന് മര്‍ദ്ദനമേറ്റെന്ന് അറിയിച്ചില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പറഞ്ഞ അസുഖങ്ങള്‍ക്കും മരുന്ന് നല്‍കി എന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്ന പെരുകുഴി സ്വദേശി സജിയെ അന്യായമായി പൊലീസ് മര്‍ദിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പരാതി.


രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് സജിയെ 4ന് രാത്രിയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനമേറ്റ വിവരം പറഞ്ഞെങ്കിലും ചികിത്സ നല്‍കാന്‍ ഡോക്ടര്‍ തയ്യാറായില്ലന്ന് ബന്ധുക്കള്‍ പറയുന്നത്. വേദനയ്ക്കും നീര് കുറയുവാനുമുള്ള മരുന്നു മാത്രം നല്‍കി മടക്കി അയക്കുകയായിരുന്നു ആശുപത്രി അധികൃതര്‍ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തി പുലര്‍ച്ചെയാണ് സജി മരിക്കുന്നത്. വിദഗ്ദ ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ നഷ്ടമാകില്ലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു.


കഴിഞ്ഞ രണ്ടാം തീയതി രാവിലെയാണ് പൊലീസ് സജിയെ മര്‍ദ്ദിച്ചത്. ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മര്‍ദ്ദനശേഷം അവശനായ സജി വീട്ടില്‍ കിടപ്പിലായിരുന്നു. നാലാം തീയതി രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. മറ്റൊരാളെ തല്ലുന്നത് കണ്ട് സജി വിലക്കിയതാണ് പൊലീസ് മര്‍ദ്ദിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Tags

Share this story

From Around the Web