എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സപ്പിഴവെന്ന് പരാതി; ഗര്‍ഭിണിക്ക് സമയത്തിന് ചികിത്സ ലഭിച്ചില്ല; നവജാതശിശുവിന്റെ കൈക്ക് ചലനശേഷി നഷ്ടപ്പെട്ടു

 
genera;l hospital



 
കൊച്ചി: പ്രസവത്തിനായി ആശുപത്രിയിലെത്തിയ ഗര്‍ഭിണിക്ക് സമയത്തിന് ചികിത്സ ലഭിക്കാതെ വന്നതോടെ നവജാതശിശുവിന്റെ ജീവന്‍ അപകടത്തിലായെന്നും കുഞ്ഞിന്റെ വലതുകൈയുടെ ചലനം നഷ്ടപ്പെട്ടെന്നും പരാതി. കൊച്ചി എടവനക്കാട് സ്വദേശി നവനീത് ഷാജിയാണ് ഭാര്യയുടെയും കുഞ്ഞിന്റെയും ചികിത്സയിലെ അനാസ്ഥ ആരോപിച്ച് എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

2026 ഓഗസ്റ്റ് 31 നാണ് എടവനക്കാട് സ്വദേശിയായ നവനീത് ഷാജി ഗര്‍ഭാവസ്ഥയിലുള്ള ഭാര്യ ആതിരയുമായി എറണാകുളം ജനറല്‍ ആശുപത്രിയിലെത്തുന്നത്. സെപ്റ്റംബര്‍ 16 നാണ് പ്രസവ തീയതി എന്നറിയിച്ചുകൊണ്ട് ഗൈനക്കോളജിസ്റ്റായ ലത സുബ്രഹ്മണ്യന്‍ ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. എന്നാല്‍ സെപ്റ്റംബര്‍ മൂന്നിന് തന്നെ നോര്‍മല്‍ ഡെലിവറിക്കായി ആതിരയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചുവെന്നും തുടര്‍ന്നാണ് ഗുരുതരമായ അനാസ്ഥയുണ്ടായതെന്നുമാണ് കുടുംബത്തിന്റെ പരാതി.

വേദന തുടങ്ങിയപ്പോള്‍ പ്രധാന ഡോക്ടര്‍ ലത സ്ഥലംവിട്ടെന്നും അവര്‍ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ ഭാര്യയുടെയും കുഞ്ഞിന്റെയും നില ഗുരുതരമാണെന്ന് തന്നെ അറിയിച്ചെന്നും ഭര്‍ത്താവ് നവനീത് ഷാജി പറയുന്നു. എത്രയും പെട്ടെന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കാനും ആവശ്യപ്പെട്ടു. അവിടെ നിന്ന് അവിടുന്ന് ഒരു ഡോക്ടറും നേഴ്‌സും കൂടെ വന്നെന്നും നവനീത് ഷാജി പറഞ്ഞു.

ജനറല്‍ ആശുപത്രിയില്‍ നിന്നും കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍ അവിടത്തെ ഡോക്ടറുമാര്‍ ഏറെ ശ്രമകരമായാണ് തുടര്‍ചികിത്സ സാധ്യമാക്കിയതെന്നും പ്രസവാനന്തരം ആതിര സുഖം പ്രാപിച്ചുവെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില വഷളായി എന്നും കുടുംബം പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ജില്ലാ കലക്ടറെയും ആരോഗ്യമന്ത്രിയെയും ഏറ്റവുമൊടുവില്‍ മുഖ്യമന്ത്രി വി.ഡി സതീശനെയും സമീപിച്ചിട്ടുണ്ട്. അതേസമയം, ആശുപത്രിക്കോ ഡോക്ടര്‍ക്കോ വീഴ്ച പറ്റിയതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ലെന്നും ചികിത്സയില്‍ അനാസ്ഥയുണ്ടായോ എന്നത് സംബന്ധിച്ച് പരിശോധിച്ചുവരികയാണെന്നുമാണ് ഡി.എം.ഒ ഉള്‍പ്പടെയുള്ള അധികൃതരുടെ വാദം.

Tags

Share this story

From Around the Web