പരിയാരം മെഡിക്കല്‍ കോളേജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയയില്‍ വീഴ്ചയെന്ന് പരാതി; വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി കുടുംബം

 
Baby


പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് നടത്തിയ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി പരാതി. 


പൈലോറിക് പേശിയിലെ തടിപ്പ് നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് പറ്റിയെന്നാണ് കുടുംബത്തിന്റെ ആരോപണം. തടിപ്പ് പൂര്‍ണ്ണമായും നീക്കിയില്ലെന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതോടെ കുഞ്ഞിനെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നതായി കുഞ്ഞിന്റെ പിതാവ് പാടിയോട്ടുച്ചാല്‍ സ്വദേശി ജ്യോതിഷ് വ്യക്തമാക്കി.

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്, പൈലോറിക് പേശിക്ക് കട്ടി കൂടി അടഞ്ഞുപോകുന്ന 'പൈലോറിക് സ്റ്റെനോസിസ്' എന്ന അവസ്ഥയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഛര്‍ദ്ദി രൂക്ഷമായതോടെ ഒക്ടോബര്‍ 11-ന് ശസ്ത്രക്രിയ നടത്തി.

 ഏഴ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കുഞ്ഞ് രക്തം ഛര്‍ദ്ദിച്ചതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 അവിടെ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലാണ് ആദ്യ ശസ്ത്രക്രിയയില്‍ തടിപ്പ് പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടില്ലെന്ന് വ്യക്തമായത്.


സംഭവത്തില്‍ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Tags

Share this story

From Around the Web