തിരൂരങ്ങാടിയില്‍ കെ-സ്മാര്‍ട്ടില്‍ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയെന്ന പരാതി; പൊലീസ് കേസെടുത്തു
 

 
ksmart


 

മലപ്പുറം: തിരൂരങ്ങാടിയില്‍ കെ-സ്മാര്‍ട്ട് സോഫ്റ്റ്വെയര്‍ വഴി ജനന സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളില്‍ തിരുത്തല്‍ നടത്തി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതിക്ക് പിന്നാലെ പൊലീസ് കേസെടുത്തു.

 തിരൂരങ്ങാടി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 1990 മുതല്‍ 2016 വരെയുള്ള കാലയളവില്‍ വിവിധ ജനന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മിച്ചുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പൊലീസില്‍ പരാതി നല്‍കിയിരുന്നു. നൂറിലധികം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്.

ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിലെ നമ്പറുകള്‍ ഉപയോഗിച്ച് കെ.സ്മാര്‍ട്ട് ആപ്പില്‍ പുതിയ പേരും മേല്‍വിലാസവും ചേര്‍ത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നായിരുന്നു പരാതി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്.


തിരൂരങ്ങാടി സ്വദേശിയായ മുഹമ്മദ് സഹല്‍ പാസ്പോര്‍ട്ട് ആവശ്യത്തിനായി തന്റെ കൈവശമുള്ള ജനന സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ഉപയോഗിച്ച് കെ-സ്മാര്‍ട്ടില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. 

സ്വന്തം സര്‍ട്ടിഫിക്കറ്റ് നമ്പറില്‍ മറ്റൊരു വ്യക്തിയുടെ പേരും വിലാസവുമാണ് രേഖപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് സംഭവത്തില്‍ തിരൂരങ്ങാടി നഗരസഭയില്‍ പരാതി നല്‍കി. പരാതി നല്‍കിയതിന് പിന്നാലെ കെ-സ്മാര്‍ട്ടിലെ രേഖയില്‍ വീണ്ടും മാറ്റം വരുത്തി യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഉടമയുടെ പേര് ഉള്‍പ്പെടുത്തിയെന്നാണ് പരാതിക്കാരുടെ ആരോപണം.

 ഇതിലൂടെ കേസുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളില്‍ മാറ്റം വരുത്തി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.

കെ-സ്മാര്‍ട്ടിലെ ജനന സര്‍ട്ടിഫിക്കറ്റ് വിവരങ്ങളില്‍ ഇത്തരത്തിലുള്ള തിരുത്തലുകള്‍ നടത്താന്‍ ഉദ്യോഗസ്ഥരുടെ ലോഗിന്‍ ഐഡി ആവശ്യമായി വരുമെന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ ആരുടെ ലോഗിന്‍ ഉപയോഗിച്ചാണ് വിവരങ്ങളില്‍ മാറ്റം വരുത്തിയതെന്നും എപ്പോള്‍ മാറ്റം വരുത്തിയെന്നും കണ്ടെത്തേണ്ടതുണ്ട്.

കെ-സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയ കാലയളവില്‍ പഴയ സര്‍ട്ടിഫിക്കറ്റ് നമ്പറുകള്‍ ഉപയോഗിച്ച് സമാന രീതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ടോയെന്നും അന്വേഷണത്തില്‍ പരിശോധിക്കും.

 വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാര്‍, എസ്എസ്എല്‍സി തുടങ്ങിയ മറ്റ് ഔദ്യോഗിക രേഖകള്‍ തയ്യാറാക്കിയിട്ടുണ്ടാകാനുള്ള സാധ്യതയും പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags

Share this story

From Around the Web