ഗ്യാനേഷ് കുമാറിനെതിരായ പരാതി; സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം ഉടന്‍, 2006ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപിയില്‍ നടന്ന ഇടപാടുകളില്‍ അന്വേഷണം

 
gynashkumar


തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ സംസ്ഥാനത്ത് വിജിലന്‍സ് അന്വേഷണം ഉടന്‍ തുടങ്ങും. അന്വേഷണസംഘത്തെ രൂപീകരിച്ചുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. 2006ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപിയില്‍ നടന്ന ഇടപാടുകളിലാണ് അന്വേഷണം.

കെഎസ്ടിപിയുടെ ഭാഗമായി എംസി റോഡ് വികസനത്തിന് കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ എന്‍ജിനിയര്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത് ഗ്യാനേഷ് കുമാറിന്റെ കൂടി ഇടപെടല്‍ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.


ഇന്തോ-മലേഷ്യന്‍ കണ്‍സോര്‍ഷ്യത്തിന്റെ ചീഫ് പ്രോജക്ട് മാനേജരായിരുന്നു മലേഷ്യന്‍ പൗരന്‍ ലീ സീ ബീന്‍. ഇദ്ദേഹം 2006ല്‍ ക്വാലാലംപൂരില്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്.
കരാര്‍ തുകകളും ബില്ലുകളും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. ഗ്യാനേഷ് കുമാറിന്റെ പേരും ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തില്‍ അന്ന് കേസെടുത്ത വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം പിന്നീട് മുന്നോട്ടുപോയിരുന്നില്ല. അന്നത്തെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്.

കെപിസിസി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാലാണ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ആഭ്യന്തരമന്ത്രി കേസ് ഫയലുകള്‍ പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Tags

Share this story

From Around the Web