വന്യജീവി ആക്രമണം.: മരണത്തിനുള്ള നഷ്ടപരിഹാരം 17.5 ലക്ഷമായി വർധിപ്പിച്ചു
തിരുവനന്തപുരം: വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന മരണത്തിനുള്ള നഷ്ടപരിഹാരം 17.5 ലക്ഷമായി വർധിപ്പിച്ചു. വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന മരണത്തിനുള്ള നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് ചികിത്സാ ധനസഹായവും ഉൾപ്പെടെ നിലവിൽ നൽകുന്ന തുകയുടെ 25 ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി.
പുതുക്കിയ ഉത്തരവ് പ്രകാരം വന്യജീവി ആക്രമണത്തിൽ ഉണ്ടാകുന്ന മരണത്തിന് നിലവിലുള്ള 14 ലക്ഷം രൂപയെന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി വർധിപ്പിച്ചു.
പാമ്പ്, തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലമുള്ള മരണത്തിന് നാലു ലക്ഷമെന്നത് അഞ്ചു ലക്ഷം രൂപയായി ഉയർത്തി. വന്യജീവി ആക്രമണത്തിൽ 40 ശതമാനം മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിച്ചാൽ നൽകുന്ന നഷ്ടപരിഹാരം രണ്ടു ലക്ഷം രൂപയെന്നത് 2.5 ലക്ഷം രൂപയായി വർധിപ്പിച്ചു. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിച്ചാൽ 3,12,500 രൂപ നഷ്ടപരിഹാം നൽകും.
പരിക്കേറ്റ് ചികിത്സയിൽ കഴിയേണ്ടി വന്നാൽ പുതിയ ഉത്തരവ് പ്രകാരം പരിക്കിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് 1,25000 രൂപ വരെ ലഭിക്കും. ഒരാഴ്ചയ്ക്ക് മുകളിൽ ആശുപത്രിവാസം വേണ്ടിവരുന്ന ഗുരുതര പരിക്കുകൾക്ക് ഒരു ലക്ഷം രൂപ വരെ സിഎംഡിആർഎഫിൽ നിന്നും അനുവദിക്കും.
അതീവ ഗുരുതരമായി പരിക്കേൽക്കുന്നവർക്കും ദീർഘകാലം ചികിത്സ ആവശ്യമായി വരുന്ന വർക്കും ചികിത്സയ്ക്കായി വൻതുക ചെലവാകുന്ന സാഹചര്യത്തിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ചികിത്സയ്ക്ക് ചെലവായ യഥാർഥ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.