കൃഷിനാശം നഷ്‌ടപരിഹാരം ഉടൻ ലഭ്യമാക്കും:മന്ത്രി ടി. സിദ്ദീഖ്
കാഞ്ഞിരപ്പള്ളി : പ്രകൃതിക്ഷോഭങ്ങൾ വഴി വിളകൾക്കുണ്ടായ കൃഷിനാശങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ: ടി സിദ്ദീഖ് പറഞ്ഞു. കൃഷിനാശത്തിനുള്ള നഷ്‌ടപരിഹാരത്തു ക 2021 ഒക്ടോബർ 16 മുതലുള്ളത് നൽകുവാനുണ്ട്. 90 കോടി രൂപയുടെ കുടി ശ്ശികയാണ് ഈയിനത്തിലുള്ളത്.
സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരം കർഷകർക്ക് 32 കോടിയലധികം തുക നഷ്ടപരിഹാരമായി നൽകുവാനുണ്ട് . 2026 മെയ് 04 ന് ശേഷമുള്ള തുകയാണിത്. രണ്ടു പദ്ധതികളിലുമായി 122 കോടിയിലധികം തുകയാണ് കർഷകർക്ക് നൽകുവാനുള്ളത് .
നെൽസംഭരണം ചെയ്ത വകയിലുണ്ടായിരുന്ന ഭീമമായ കുടിശ്ശിക തുക കൊടുത്തുതീർത്തു വരുന്നെന്നും വന്യജീവിശല്യം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള നടപടികൾസ്വീകരിക്കുമെന്നും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ പി. എ ഷെമീറിൻ്റെ നേതൃത്വത്തിൽ ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി സമർപ്പിച്ച നിവേദനം പരിഗണിച്ച് മന്ത്രി കൂട്ടിച്ചേർത്തു.
ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി , സെക്രട്ടറി റെജി പടിഞ്ഞാറേ മുറി, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ജോസ് ജോർജ് താഴത്തു തകടിയേൽ, ബിജു ചക്കാല എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്..