മാനവികതയും വിശ്വാസവും ആഴത്തിൽ കണ്ടുമുട്ടുന്ന സ്ഥലമാണ് അനുകമ്പ: കർദിനാൾ കൂവക്കാട്
മെയ് മാസം 11,12 തീയതികളിൽ, റോമിൽ വച്ച് നടക്കുന്ന വത്തിക്കാനിലെ മതാന്തരസൗഹാർദ്ദത്തിനുള്ള ഡിക്കസ്റ്ററിയും, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ-ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത്, സംവാദ പരിപാടിയിൽ, ഡികസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട് സംസാരിച്ചു. 'ആധുനിക കാലത്തെ മാനുഷിക അനുകമ്പയും സഹാനുഭൂതിയും' എന്നതാണ് സംവാദത്തിന്റെ പ്രമേയം. നിരവധി വിള്ളലുകൾ അടയാളപ്പെടുത്തിയ ഒരു ലോകത്ത്, പരസ്പരം പങ്കുവയ്ക്കുന്ന ബോധ്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതാണ് ഈ കൂടിക്കാഴ്ച്ചയെന്നു കർദിനാൾ എടുത്തു പറഞ്ഞു. മനുഷ്യന്റെ അന്തസ്സും, മറ്റുള്ളവരുടെ കഷ്ടപ്പാടുകളോടുള്ള കരുതലും ഒരു സാർവത്രിക ഭാഷയാണെന്നും, ഇത്, ക്രിസ്ത്യൻ- മുസ്ളീം മത പാരമ്പര്യങ്ങളുടെ അനിവാര്യമായ ഒരു സ്തംഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
"ഇന്ന് ലോകം ഏറെ പുരോഗമിച്ചുവെങ്കിലും, വികസിത സമൂഹങ്ങളിലെ ഏറ്റവും ദുർബലരായ അംഗങ്ങളെ അനുഗമിക്കാനും, പരിപാലിക്കാനും, പിന്തുണയ്ക്കാനും ആളുകൾ നിരക്ഷരരാണ്", എന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകളും കർദിനാൾ അനുസ്മരിച്ചു. ഈ വാക്കുകൾ ഏവരെയും വെല്ലുവിളിക്കുന്നുണ്ടെന്നും, തമസ്കരിക്കപ്പെട്ട ഒരു ജ്ഞാനം വീണ്ടും കണ്ടെത്താൻ ഇക്കൂട്ടർ നമ്മെ ക്ഷണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ദുർബലരായവരെ തിരിച്ചറിയുവാൻ നമ്മെ സഹായിക്കുന്നുവെന്നും കർദിനാൾ പറഞ്ഞു.
ഇതാണ് ക്രിസ്തീയ പാരമ്പര്യത്തിൽ, നല്ല സമരിയക്കാരന്റെ മാതൃക വെളിപ്പെടുത്തുന്നതെന്നും, അനുകമ്പയിൽ ആരംഭിക്കുന്ന സ്നേഹം, പിന്നീട് സാന്നിധ്യമായി മാറുന്നുവെന്നും കർദിനാൾ ചൂണ്ടിക്കാണിച്ചു. അതിനാൽ, അനുകമ്പ എന്നത്, കേവലം ഒരു മാനുഷിക ഗുണം എന്നതിലുപരി, മാനവികതയും വിശ്വാസവും ഏറ്റവും ആഴത്തിൽ കണ്ടുമുട്ടുന്ന ഇടമാണെന്നും, അപരന്റെ കഷ്ടപ്പാട് ഒരു ആഹ്വാനമായും, ആ വിളി സ്നേഹമായും രൂപാന്തരപ്പെടുന്നുവെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
ക്രിസ്തീയ ജീവിതത്തിൽ, അനുകമ്പയെ കുറിച്ച് യേശു പഠിപ്പിക്കുന്ന തിരുവചന ഭാഗങ്ങൾ അനുസ്മരിച്ച കർദിനാൾ, ഇസ്ലാം മതത്തിലും, റഅഫ എന്ന ആശയത്തിലൂടെ എടുത്തുകാണിക്കുന്ന അനുകമ്പയുടെ പ്രതിധ്വനികളെ എടുത്തുപറഞ്ഞു. വിശ്വാസത്തിന്റെ സ്തംഭങ്ങളിലൊന്നായ സകാത്ത് അഥവാ ദാനധർമ്മത്തിലൂടെയാണ് ഇത് പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനാൽ, ആധികാരികമായ വിശ്വാസത്തെ ദുർബലരുടെ പരിചരണത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ലെന്ന് ഇസ്ലാമിക പാരമ്പര്യം പഠിപ്പിക്കുന്നുവെന്നും, അധഃസ്ഥിതരുമായുള്ള കൂടിക്കാഴ്ച്ച ആത്മീയ ഉയർച്ചയുടെയും ധാർമ്മിക സത്യത്തിന്റെയും ഇടമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിലും ക്രിസ്തുമതത്തിലും, യഥാർത്ഥ അനുകമ്പ ഏറ്റവും ദുർബലരായവരോടുള്ള യഥാർത്ഥ പ്രതിബദ്ധതയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
പ്രത്യാശയുടെ അടയാളവും, ഫലപ്രദമായ സംഭാഷണത്തിന്റെ ഇടവും, ഓരോ മനുഷ്യന്റെയും അന്തസ്സിനോടുള്ള നവമായ പ്രതിബദ്ധതയും ആയി ഈ സംവാദം മാറട്ടെ എന്ന ആശംസയോടെയാണ് തന്റെ സന്ദേശം കർദിനാൾ ഉപസംഹരിച്ചത്.