ക്രിസ്ത്യൻ - മുസ്ളീം സൗഹൃദത്തിൽ അനുകമ്പയും സഹാനുഭൂതിയും ഊട്ടിയുറപ്പിക്കണം: പാപ്പാ
'ആധുനിക കാലത്തെ മാനുഷിക അനുകമ്പയും സഹാനുഭൂതിയും' എന്ന പ്രമേയം മുൻനിർത്തി, വത്തിക്കാനിലെ മതാന്തരസൗഹാർദ്ദത്തിനുള്ള ഡിക്കസ്റ്ററിയും, റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ-ഫെയ്ത്ത് സ്റ്റഡീസും തമ്മിലുള്ള എട്ടാമത്, സംവാദ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്, മെയ് മാസം പതിനൊന്നാം തീയതി, ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു. തദവസരത്തിൽ നൽകിയ സന്ദേശത്തിൽ, അംഗങ്ങളെ സ്വീകരിക്കുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ പങ്കുവച്ചു. സംവാദത്തിനായി തിരഞ്ഞെടുത്ത പ്രമേയം ഏറെ കാലോചിതമാണെന്നും, ഇത്, പാർശ്വവൽക്കരിക്കപ്പെട്ട വികാരങ്ങളല്ല, മറിച്ച് ഇരു മതപാരമ്പര്യങ്ങളുടെയും അനിവാര്യമായ മനോഭാവങ്ങളും, യഥാർത്ഥ മനുഷ്യജീവിതം നയിക്കുവാനുള്ള കാഴ്ചപ്പാടുകളുമാണെന്നും പാപ്പാ എടുത്തു പറഞ്ഞു.
പാപ്പായും, ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും
പാപ്പായും, ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടും (@Vatican Media)
ഇസ്ലാം പാരമ്പര്യം കരുണ അഥവാ റഅഫയെ വിശ്വാസികളുടെ ഹൃദയത്തിൽ നൽകപ്പെടുന്ന ദൈവീക ദാനമെന്നു കരുതുന്നതും, അതുപോലെ അല് റഊഫ് എന്ന ദിവ്യ നാമങ്ങളിലൊന്ന് കരുണയുടെ ഉത്ഭവം എല്ലായ്പ്പോഴും ദൈവത്തിൽ തന്നെയാണെന്നതും ഏറെ പ്രധാനപ്പെട്ടതാണെന്നു പാപ്പാ പറഞ്ഞു. ക്രൈസ്തവ പാരമ്പര്യത്തിലും, കഷ്ടപ്പാടുകളോട് നിസ്സംഗത പുലർത്താത്ത ഒരു ദൈവത്തെയാണ്, തിരുവചനം വെളിപ്പെടുത്തുന്നതെന്നും പാപ്പാ കൂട്ടിച്ചേർത്തു. ഇതിന്റെ മൂർത്തമായ വെളിപാടാണ് യേശുക്രിസ്തുവിൽ കാണുന്നതെന്നു പറഞ്ഞ പാപ്പാ, ഈ മാതൃക പിന്തുടർന്ന് കൊണ്ട്, മറ്റുള്ളവരോട്, പ്രത്യേകിച്ചും അധഃസ്ഥിതരായ ആളുകളോട് അനുകമ്പയോടെ ഇടപെടണമെന്നും, "ദരിദ്രരോടുള്ള സ്നേഹം"ദൈവീക ഹൃദയത്തോട് വിശ്വസ്തതയുള്ള ഒരു സഭയുടെ സുവിശേഷ മുഖമുദ്രയാണെന്നും, കൂട്ടിച്ചേർത്തു.
അംഗങ്ങൾക്കൊപ്പം പാപ്പാ
അംഗങ്ങൾക്കൊപ്പം പാപ്പാ (@VATICAN MEDIA)
മനുഷ്യന്റെ അനുകമ്പയും, സഹാനുഭൂതിയും, ദൈനംദിന ജീവിതത്തിൽ, ദൈവത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കാനുള്ള ആഹ്വാനമാണെന്ന് പറഞ്ഞ പാപ്പാ, ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും പ്രത്യേക ശ്രദ്ധയും സഹായവും അർഹിക്കുന്നുവെന്ന ലിയോ പതിമൂന്നാമൻ പാപ്പായുടെ വാക്കുകളും ഉദ്ധരിച്ചു. അഭയാർഥികളെ സ്വാഗതം ചെയ്യുന്നതിലും പ്രയാസകരമായ സാഹചര്യങ്ങളിൽ ആവശ്യമുള്ളവരെ സഹായിക്കുന്നതിലും, ജോർദാൻ ഭരണകൂടം നടത്തിയ പരിശ്രമങ്ങളെയും പാപ്പാ അനുസ്മരിച്ചു.
അനുകമ്പയും സഹാനുഭൂതിയും ഇന്ന് സമൂഹത്തിൽ അന്യം നിന്നു പോകുന്നുവെന്നും, സാങ്കേതിക മുന്നേറ്റങ്ങൾ, ബന്ധങ്ങളെ അടുപ്പിച്ചുവെങ്കിലും, നിസ്സംഗതയിലേക്ക് നമ്മെ തള്ളിവിടുന്നുവെന്നും, ഫ്രാൻസിസ് പാപ്പായെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഇത്, ഗുരുതരമായ ആത്മീയ വെല്ലുവിളികളിലൊന്നാണെന്നും പരിശുദ്ധ പിതാവ് ഓർമ്മപ്പെടുത്തി. അതിനാൽ, തണുത്തുറഞ്ഞ മാനവികതയെ പുനരുജ്ജീവിപ്പിക്കുക, കഷ്ടപ്പെടുന്നവർക്ക് ശബ്ദം നൽകുക, നിസ്സംഗതയെ ഐക്യദാർഢ്യമാക്കി മാറ്റുക എന്നീ ഉത്തരവാദിത്വം ക്രൈസ്തവ- ഇസ്ലാം മതങ്ങൾ ഒരുമിച്ചു ഏറ്റെടുക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു