സമൂഹജീവിതം വിശുദ്ധീകരണത്തിന്റെ ഇടമാണ്: ലെയോ പതിനാലാമൻ പാപ്പ
സമൂഹജീവിതം വിശുദ്ധീകരണത്തിന്റെ ഇടമാണെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. അമേരിക്കൻ ഐക്യനാടുകളിലെ ‘കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് ഓഫ് മെൻ’ (CMSM) അരീസോണയിലെ ഫീനിക്സിൽ വച്ചു നടത്തുന്ന അവരുടെ 2026 ലെ നാഷണൽ അസംബ്ലിയുടെ എഴുപതാം വാർഷികാഘോഷ വേളയിൽ അയച്ച സന്ദേശത്തിലാണ് ലെയോ പാപ്പ ഇപ്രകാരം പറഞ്ഞത്.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ലഭിച്ച ദൈവകൃപകൾക്ക് നന്ദി പറഞ്ഞുകൊണ്ട്, അവർ സേവനം ചെയ്യുന്ന വിവിധ സമൂഹങ്ങളിലും ശുശ്രൂഷകളിലും ക്രിസ്തുവിന് ഐക്യവും സന്തോഷകരവും യഥാർഥവുമായ സാക്ഷ്യം നൽകുന്നത് തുടരാൻ പാപ്പ പറഞ്ഞു. അമേരിക്കയിലെ കത്തോലിക്കാ സന്ന്യാസ സഭകളുടെയും ആശ്രമങ്ങളുടെയും പുരുഷനേതൃത്വത്തെ പ്രതിനിധീകരിക്കുന്ന ദേശീയസംഘടനയാണ് സി.എം.എസ്.എം (CMSM).
സംഭാഷണത്തിനുള്ള വേദി ഒരുക്കുന്നതിനും അംഗസമൂഹങ്ങളുടെ നേതൃത്വത്തിന് പിന്തുണ നൽകുന്നതിനുമായി അവർ നടത്തുന്ന ശ്രമങ്ങൾക്ക് മാർപാപ്പ നന്ദി അറിയിച്ചു. ക്രിസ്തുവിനായി സമർപ്പിക്കപ്പെടുകയും അവിടുത്തെ മാതൃക പിന്തുടരുകയും ചെയ്യുന്ന പുരുഷന്മാരുടെ പരസ്യസാക്ഷ്യം ശക്തിപ്പെടുത്താൻ ഇത് സഹായിച്ചതായും പാപ്പ പറഞ്ഞു.
“ഈ ചിന്തയുടെയും സംഭാഷണത്തിന്റെയും പ്രാർഥനയുടെയും ദിനങ്ങൾ നിങ്ങളുടെ സഭകൾക്കുള്ളിലും സഭകൾ തമ്മിലുമുള്ള സാഹോദര്യബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ കണ്ടെത്താൻ സഹായിക്കുമെന്നും അതിലൂടെ നിങ്ങൾ സേവനം ചെയ്യുന്ന വിവിധ സമൂഹങ്ങളിലും മേഖലകളിലും ക്രിസ്തുവിന് ഐക്യവും സന്തോഷവും നിറഞ്ഞ യഥാർഥ സാക്ഷ്യം നൽകുന്നത് തുടരാൻ നിങ്ങൾക്ക് സാധിക്കും” എന്നും മാർപാപ്പ പറഞ്ഞു.
തന്റെ ആത്മീയസാമീപ്യം ഉറപ്പ് നൽകിക്കൊണ്ടും സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്നേഹനിർഭരമായ മാധ്യസ്ഥ്യത്തിന് ദേശീയ സമ്മേളനത്തെ സമർപ്പിച്ചുകൊണ്ടുമാണ് പരിശുദ്ധ പിതാവ് സന്ദേശം അവസാനിപ്പിച്ചത്.