കോമണ്‍വെല്‍ത്ത് ഡൊമിനിക്കന്‍ പ്രധാനമന്ത്രി ലിയോ പതിന്നാലാമന്‍ പാപ്പായെ സന്ദര്‍ശിച്ചു

വത്തിക്കാന്‍:കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പ്രധാനമന്ത്രി റൂസ്വെല്‍റ്റ് സ്‌കെറിറ്റിനെ വത്തിക്കാനിലെ അപ്പസ്‌തോലിക് കൊട്ടാരത്തില്‍ ലിയോ പതിനാലാമന്‍പാപ്പ സദസ്സില്‍ സ്വീകരിച്ചതായി വത്തിക്കാന്‍ വാര്‍ത്താ കാര്യാലയം അറിയിച്ചു.
പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും ചര്‍ച്ചകള്‍ നടത്തി. സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങള്‍ക്കായുള്ള സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഗല്ലഘറും ഒപ്പമുണ്ടായിരുന്നു.
സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ നടന്ന സൗഹൃദപരമായ ചര്‍ച്ചകളില്‍, പരിശുദ്ധ സിംഹാസനവും ഡൊമിനിക്കന്‍ രാഷ്ട്രവും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്ന്, സഭ രാജ്യത്തിന് നല്‍കുന്ന വിലപ്പെട്ട സംഭാവനകള്‍, പ്രത്യേകിച്ച് സാമൂഹികക്ഷേമം, വിദ്യാഭ്യാസം എന്നീ മേഖലകളെക്കുറിച്ച് സംസാരിച്ചു.
സാമൂഹിക വെല്ലുവിളികള്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍ തുടങ്ങിയവ രാജ്യത്തു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളും, വിവിധ സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
ഡൊമിനിക്കന്‍ ജനതയുടെ നന്മയ്ക്കായി പരസ്പര സഹകരണം വളര്‍ത്തിയെടുക്കുന്നതിനു പരിശുദ്ധ സിംഹാസനവും, രാഷ്ട്രവും തമ്മിലുള്ള പരസ്പര പ്രതിബദ്ധത പുതുക്കുകയും ചെയ്തു.