ന്യൂസ് എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഐഡി രൂപീകരിച്ച് വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങും അരങ്ങേറുന്നു. ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ
കൊച്ചി: ന്യൂസ് എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഐഡി രൂപീകരിച്ച് വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങും അരങ്ങേറുന്നു.
ഡിജിറ്റൽ മാധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ- ഇന്ത്യയുടെ വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടും പോലീസ് അധികൃതരോടും ആവശ്യപ്പെട്ടു.
യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജുകള്‍, ന്യൂസ് എന്ന് പേരിടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകൾ ബ്ലോഗുകള്‍ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ രൂപീകരിച്ച് വിവിധ ജില്ലകളിൽ വ്യാപക തട്ടിപ്പും ബ്ലാക്ക് മെയിലിങ്ങും അരങ്ങേറുകയാണ്.
ലക്ഷങ്ങളാണ് ഇവര്‍ സ്വകാര്യ സ്ഥാപനങ്ങൾ - വ്യക്തികൾ,ബിസിനസുകാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഇത്തരത്തില്‍ തട്ടിച്ചെടുക്കുന്നത്.
ഇത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഓൺലൈൻ മീഡിയ സ്ഥാപനങ്ങങ്ങൾക്ക് അവമതിപ്പ് ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇത്തരക്കാരുടെ പ്രവർത്തി ഡിജിറ്റൽ മീഡിയകളുടെ വിശ്വാസൃതയെ പോലും ബാധിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു.
ഇതു സംബന്ധമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് സംഘടന പരാതി നൽകും.
ഇത്തരം പുഴുക്കുത്തുകളെ തൂത്തെറിയാൻ, ബ്ലാക്ക് മെയിലിങ് സംബന്ധമായി വിവരം നൽകുന്നതിനായി പോലീസ് തന്നെ ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും വിവരം കൈമാറാൻ പ്രത്യക നമ്പർ നൽകുകയും വേണം. എല്ലാ ജില്ലകളിലും ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.
യോഗത്തിൽ വൈസ് പ്രസിഡന്‍റ് കുഞ്ഞികണ്ണൻ മുട്ടത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ ബോഡി മീറ്റിങ്ങില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

പ്രസിഡന്‍റ് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി സോയിമോന്‍ മാത്യു, ട്രഷര്‍ കെ കെ ശ്രീജിത്, വൈസ് പ്രസിഡന്‍റ് കെ ബിജിനു, ജോയിന്‍റ് സെക്രട്ടറിമാരായ കെ ആര്‍ രതീഷ്, സ്മിത അത്തോളി എന്നിവരും പ്രസംഗിച്ചു.
സംഘടനയില്‍ അംഗത്വം ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ക്കും, മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും 4comindia@gmail.com മെയിലിലോ www.comindia.org എന്ന വെബ്‌സൈറ്റ് വഴിയോ അപേക്ഷ അയക്കാവുന്നതാണ്. ഇത്തരം അപേക്ഷകളില്‍ ആവശ്യമായ പരിശോധന നടത്തിയ ശേഷം മാത്രമാകും അംഗത്വം നല്‍കുക.