സുപ്രീംകോടതി മുൻ ജസ്റ്റീസ് സിറിയക് ജോസഫ് കോം ഇന്‍ഡ്യ ഗ്രീവന്‍സ് കൗണ്‍സിലിന്‍റെ പുതിയ ചെയര്‍മാന്‍. വേണു രാജാമണിയും ഡോ. ജോര്‍ജ് ഓണക്കൂറും ജോര്‍ജ് കള്ളിവയലിലും അംഗങ്ങള്‍
കൊച്ചി: ഇന്ത്യയിലെ രണ്ടാമത്തെ ഡിജിറ്റല്‍ മീഡിയ മാനേജ്മെന്‍റ് അസോസിയേഷനായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ - ഇന്ത്യ (കോം ഇന്ത്യ) യുടെ ഗ്രീവന്‍സ് ബോഡിയായ ഐ.ഡി.പി.സി.ജി.സി. ( ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിൽ) പുനസംഘടിപ്പിച്ചു.
സുപ്രീംകോടതി മുൻ ജസ്റ്റീസും, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാനും, കേരള ലോകായുക്തയുമായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫ് ആണ് പുതിയ ചെയര്‍മാന്‍.
രാഷ്ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ് മുൻ അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി ഐഎഫ്എസ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, ഡൽഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക എഡിറ്ററും കൂടിയായ ജോർജ് കള്ളിവയലിൽ എന്നിവര്‍ ഉള്‍പ്പെട്ടതാണ് പുതിയ സമിതി.
ഏഴാംഗ സമിതിയില്‍ കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോം ഇന്ത്യ പ്രസിഡഡന്‍റുമായ വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി സോയിമോന്‍ മാത്യു, ട്രഷര്‍ കെ കെ ശ്രീജിത് എന്നിവരെയും ഉള്‍പ്പെടുത്തി.

മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ കെ എന്‍ കുറുപ്പ് അദ്ധ്യക്ഷനായിരുന്ന കൌണ്‍സിലിന്‍റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ കൌണ്‍സിലിനെ തെരെഞ്ഞെടുത്തത്. പുനസംഘടിപ്പിച്ച പുതിയ ഗ്രീവന്‍സ് കൌണ്‍സിലിന്‍റെ പേരുവിവരങ്ങളും നടപടി ക്രമങ്ങളും കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയത്തിന് കൈമാറിയതായി പ്രസിഡന്‍റ് വിന്‍സെന്‍റ് നെല്ലിക്കുന്നേല്‍ അറിയിച്ചു.
ജൂലൈ 7 നു കൊച്ചിയില്‍ ചേര്‍ന്ന കോം ഇന്ത്യ ജനറല്‍ കൌണ്‍സിലില്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുകയും 18 നു ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കുകയുമായിരുന്നു. 2 വര്‍ഷമാണ് പുതിയ കൌണ്‍സിലിന്‍റെ കാലാവധി.
2021 ല്‍ രൂപീകരിച്ച ഡോ. കെ കെ എന്‍ കുറുപ്പ് അദ്ധ്യക്ഷനായിരുന്ന ആദ്യ ഗ്രീവന്‍സ് കൌണ്‍സില്‍ സമിതി 2 കാലാവധികള്‍ പൂര്‍ത്തിയാക്കിയാണ് ചുമതല ഒഴിയുന്നത്.
2021 ലെ ഐ ടി ആക്ടിലെ മാനദണ്ഡങ്ങള്‍ പ്രകാരം കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രാലയത്തിന്‍റെ ഉത്തരവിന്‍ പ്രകാരമാണ് കോം ഇന്ത്യ ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലിന് രൂപം നല്കിയത്.
കേന്ദ്ര സര്‍ക്കാര്‍ പുതിയ ഐ ടി ആക്ട് പാസാക്കുകയും 'ഇന്‍റര്‍മീഡിയറി ഗൈഡ് ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്' പ്രകാരം ഗ്രീവന്‍സ് കൌണ്‍സിലുകള്‍ രൂപീകരിക്കാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്കുകയും ചെയ്ത ശേഷം രാജ്യത്തു രണ്ടാമതും കേരളത്തില്‍ ആദ്യവുമായി രൂപംകൊണ്ട ഗ്രീവന്‍സ് കൌണ്‍സില്‍ കോം ഇന്ത്യയുടെ 'ഇന്ത്യൻ ഡിജിറ്റൽ പബ്ലിഷേഴ്സ് കണ്ടന്റ് ഗ്രീവൻസ് കൗൺസിലാണ്'.
അന്ന് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായി രൂപം നല്കിയ ഗ്രീവന്‍സ് കൌണ്‍സില്‍ കോം ഇന്ത്യയുടേതാണെന്ന പ്രശംസയും ലഭിച്ചിരുന്നു. കേരളത്തില്‍ പരമ്പരാഗത പത്ര മാധ്യമങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും ഗ്രീവന്‍സ് കൌസിലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനും ഒരു വര്‍ഷം മുന്‍പ് അംഗീകാരം ലഭിച്ചത് കോം ഇന്ത്യക്കാണെന്നത് ശ്രദ്ധേയമായിരുന്നു.