രാജ്യത്തിന്റെ സുരക്ഷയ്ക്കായി ദൈവാലയങ്ങൾ സന്ദർശിച്ച് പ്രാർഥിച്ച് കൊളംബിയയുടെ നിയുക്ത പ്രസിഡന്റ്
കൊളംബിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അബെലാർഡോ ഡി ലാ എസ്പ്രിയല്ല രാജ്യത്തിന്റെ സംരക്ഷണത്തിനായി പ്രാർഥിക്കാൻ വിവിധ കത്തോലിക്കാ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നു. ജൂൺ 21 -ന് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്നതിനായാണ് അദ്ദേഹം ഈ തീർഥാടനം നടത്തുന്നത്.
ട്വിറ്ററിൽ തന്റെ യാത്രയെ ‘പ്രതീക്ഷയുടെ തീർഥാടനം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം എൽ മോറോ ഔർ ലേഡി ഓഫ് ദി റെമഡീസ്, സെന്റ് പീറ്റർ ക്ലാവർ, ലോർഡ് ഓഫ് മിറക്കിൾസ് ബസിലിക്ക എന്നീ പ്രശസ്തമായ ആരാധനാലയങ്ങൾ സന്ദർശിച്ചു. കൊളംബിയയിലെ ആരോഗ്യ പ്രവർത്തകർക്കായും രാജ്യത്തിന്റെ സുരക്ഷയ്ക്കായും ദരിദ്രരും ദുർബലരുമായ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായും അദ്ദേഹം പ്രത്യേക പ്രാർഥനകൾ നടത്തി.
തന്റെ പ്രിയപ്പെട്ട ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്നാണ് താൻ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിഞ്ഞതെന്ന് ഡി ലാ എസ്പ്രിയല്ല മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ‘ഡിഫെൻഡേഴ്സ് ഓഫ് ദി ഹോംലാൻഡ്’ പാർട്ടി പ്രതിനിധിയായ അദ്ദേഹം വരും ദിവസങ്ങളിലും തീർഥാടനം തുടരുമെന്ന് അറിയിച്ചു. നിലവിലെ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ കാലാവധി അവസാനിക്കുന്നതോടെ വരുന്ന ഓഗസ്റ്റ് ഏഴിന് അബെലാർഡോ ഡി ലാ എസ്പ്രിയല്ല കൊളംബിയയുടെ പുതിയ പ്രസിഡന്റായി ഔദ്യോഗികമായി ചുമതലയേൽക്കും.