19 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണങ്ങളെ അപലപിച്ച് കൊളംബിയന്‍ സഭ

ബൊഗൊത/കൊളംബിയ: കാലിയിലും അമാല്‍ഫിയിലും എഫ്എആര്‍സി വിമതര്‍ നടത്തിയ ഭീകരാക്രമണങ്ങളെ കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സും കാലി അതിരൂപതയും അപലപിച്ചു. ഭീകരാക്രമണത്തില്‍ ഇതുവരെ 19 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
'കൊളംബിയയിലെ വീടുകളുടെ പടിക്കല്‍ വേദനയും നിരാശയും വിതച്ച് അക്രമം തുടരുന്ന' സാഹചര്യത്തില്‍ ഇരകളുടെ കുടുംബങ്ങളോടുള്ള ഐകദാര്‍ഢ്യം ബിഷപ്പുമാര്‍ പ്രകടിപ്പിച്ചു. അക്രമത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കാലി ആര്‍ച്ചുബിഷപ് ലൂയിസ് ഫെര്‍ണാണ്ടോ റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 21 നാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ രണ്ട് ഭീകരാക്രമണങ്ങള്‍ കൊളംബിയയില്‍ അരങ്ങേറിയത്. ഉച്ചയ്ക്ക് 12 മണിക്ക് ആന്റിയോക്വിയ ഡിപ്പാര്‍ട്ട്‌മെന്റിലെ അമാല്‍ഫി മുനിസിപ്പാലിറ്റിയിലായിരുന്നു ആദ്യ ആക്രമണം നടന്നത്. അവിടെ സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ഒരു പോലീസ് ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തി.
ആക്രമണത്തില്‍ 13 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഉച്ചകഴിഞ്ഞ് കാലിയിലെ വല്ലെ ഡെല്‍ കോക്ക ഡിപ്പാര്‍ട്ട്‌മെന്റിലെ മാര്‍ക്കോ ഫിഡല്‍ സുവാരസ് എയര്‍ ബേസിന് സമീപം കാര്‍ ബോംബ് പൊട്ടിത്തെറിച്ച് ആറ് സാധാരണക്കാര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദൈവവുമായി അനുരഞ്ജനപ്പെടുവാനും അങ്ങനെ രക്തച്ചൊരിച്ചില്‍ എന്നന്നേക്കുമായി അവസാനിപ്പിക്കാനും കാലിയില്‍ നടന്നതുപോലുള്ള ഭ്രാന്തമായ പ്രവൃത്തികള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കുവാനും ആര്‍ച്ചുബിഷപ് ലൂയിസ് ആഹ്വാനം ചെയ്തു.
തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് സാധാരണ സംഭവമായി മാറരുതെന്നും ഈ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നവരെ നീതിയുടെ മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.