തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ കൊളംബിയന്‍ കത്തോലിക്ക സഭ
ബൊഗോട്ട: വരുന്ന ഞായറാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാര്‍ത്ഥനാദിനം ആചരിക്കുവാന്‍ കൊളംബിയന്‍ കത്തോലിക്ക സഭയുടെ ആഹ്വാനം.
തെരഞ്ഞെടുപ്പിന് മുന്നോടിയായി 19-ാം തീയതി വെള്ളിയാഴ്ച രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഒത്തുചേരാന്‍ കൊളംബിയയിലെ മെത്രാന്മാര്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.
കത്തീഡ്രലുകളിലും ഇടവകകളിലും സന്യാസ സമൂഹങ്ങളുടെ ഭവനങ്ങളിലും ആശ്രമങ്ങളിലും കൊളംബിയയ്ക്കായി ജാഗരണ പ്രാര്‍ത്ഥന നടത്തുവാനാണ് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊതു പ്രാര്‍ത്ഥനകളോടൊപ്പം ദൈവത്തിലുള്ള വിശ്വാസത്തിന്റെയും രാജ്യത്തിന്റെ ഭാവിയോടുള്ള പ്രതിബദ്ധതയുടെയും പ്രകടനമായി, കുടുംബാംഗങ്ങള്‍ അവരുടെ വീടുകളില്‍ ഒത്തുകൂടി കൊളംബിയയ്ക്കായി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന നടത്താനുള്ള ക്ഷണവും കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സ് നടത്തിയിട്ടുണ്ട്.
കൊളംബിയ നിര്‍ണായക മണിക്കൂറിലൂടെയാണ് കഴിയുന്നതെന്നും രാജ്യത്തിന്റെ ഭാവിയെ നിര്‍വചിക്കുന്ന വോട്ടവകാശം വിനിയോഗിക്കുന്നതിന് മുമ്പ് ദൈവത്തിന്റെ ശബ്ദം കേള്‍ക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.
20262030 കാലയളവിലേക്കുള്ള രാജ്യത്തിന്റെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം റൗണ്ട് (റണ്‍ഓഫ്) പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ജൂണ്‍ 21ന് കൊളംബിയയില്‍ നടക്കുന്നത്.
മെയ് 31ന് നടന്ന ആദ്യ റൗണ്ടില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും 50% ല്‍ കൂടുതല്‍ വോട്ട് ലഭിച്ചിരിന്നില്ല. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കൊളംബിയയിലെ ആകെ ജനസംഖ്യയുടെ എഴുപതു ശതമാനത്തില്‍ അധികവും കത്തോലിക്ക വിശ്വാസികളാണ്.