സമാധാനത്തിനായി 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ കൊളംബിയ

ബൊഗോട്ട: സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യം ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന കൊളംബിയയില്‍ സമാധാനം വീണ്ടെടുക്കുവാന്‍ 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുന്നു. ജൂണ്‍ 28 അടുത്ത ശനിയാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 ലക്ഷം ജപമാല പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നത്.
ബൊഗോട്ട അതിരൂപത വൈദികനായ ഫാ. ഡാനിയേല്‍ ബുസ്റ്റമാന്റേയുടെ ആഹ്വാന പ്രകാരം 'വണ്‍ മില്യണ്‍ റോസറി, വണ്‍ വോയ്സ്' എന്ന പരിപാടിയുടെ ഭാഗമായാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നത്.
തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലെ കോക്ക, വല്ലെ ഡെല്‍ കോക്ക തുടങ്ങിയ മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളും തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മിഗുവല്‍ ഉറിബെ ടര്ബെയ്ക്കെതിരായ ആക്രമണവും ഉള്‍പ്പെടെ കൊളംബിയയില്‍ ഉടലെടുത്ത വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഫാ. ബുസ്റ്റമാന്റേ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കുന്നത്. വിവിധ രൂപതകളില്‍ നിന്നുള്ള വൈദികരും ഇതില്‍ പങ്കുചേരും.
വിശ്വാസികളായവര്‍ എന്ന നിലയില്‍, പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടാനും കര്‍ത്താവിനോട് സമാധാനം നല്‍കണമെന്ന് അപേക്ഷിക്കാനുമുള്ള അവസരമാണിതെന്നു എസിഐ പ്രെന്‍സയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ഫാ. ഡാനിയേല്‍ പറഞ്ഞു. ഇടവക സമൂഹങ്ങള്‍, മരിയന്‍ പ്രസ്ഥാനങ്ങള്‍, സ്കൂളുകള്‍, കുടുംബങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജപമാല സമര്‍പ്പണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
വിശ്വാസികള്‍ക്ക് അവര്‍ എവിടെയായിരുന്നാലും, അവരുടെ വീടുകളോ, ജോലിസ്ഥലങ്ങളോ, സ്കൂളുകളോ ആകട്ടെ, അവിടെ നിന്ന് പങ്കുചേരാമെന്നും കൊളംബിയയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതു മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.