കൊളംബിയ ഭൂകമ്പം: രാഷ്ട്രപതിയുമായി പരിശുദ്ധ പിതാവ് ഫോണില്‍ സംസാരിച്ചു

 
columbia



 കഴിഞ്ഞ ഓഗസ്റ്റ് 10 നുണ്ടായ ഭൂകമ്പദുരിതത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇന്നും രൂക്ഷമായി തുടരുന്ന കൊളമ്പിയയില്‍, മരിച്ചവരുടെ കുടുംബങ്ങള്‍, പരിക്കേറ്റവര്‍, രക്ഷാപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരോടുള്ള തന്റെ അഗാധമായ അടുപ്പവും പ്രാര്‍ത്ഥനകളും അറിയിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, സെപ്റ്റംബര്‍ മാസം രണ്ടാം തീയതി, കൊളംബിയന്‍ പ്രസിഡന്റ്, അബെലാര്‍ദോ  ദി  ലാ എസ്പ്രിയേലയുമായി ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു.


 വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം എടുത്തു പറഞ്ഞത്.  രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ചും ദുരന്തബാധിത പ്രദേശങ്ങളിലെ അവസ്ഥയെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് 10-ന് കൊളംബിയയിലുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 329 പേര്‍ മരിക്കുകയും ഏകദേശം 4,600 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

247 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തം ആകെ 3,14,000-ത്തിലധികം ആളുകളെ ബാധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളായ കാലി , പെരേര  എന്നീ നഗരങ്ങളിലാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.

ഓഗസ്റ്റ് 12 ബുധനാഴ്ച വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനത്തില്‍ ലിയോ പതിനാലാമന്‍ പാപ്പാ പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും പരിക്കേറ്റവരെയും ദുരന്തബാധിതരെയും പ്രത്യേകമായി അനുസ്മരിക്കുകയുണ്ടായി. 

തന്റെ പ്രാര്‍ത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തു കൊണ്ട്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ ഒപ്പോടുകൂടി പാപ്പാ  ടെലെഗ്രാം സന്ദേശവും അയച്ചിരുന്നു.

Tags

Share this story

From Around the Web