കലാലയങ്ങൾ അക്രമികളുടെ വിളനിലമാകരുത്
അഡ്വ. ചാർളി പോൾ
--------------------------------
ക്രിമിനൽ കുറ്റകൃത്യങ്ങളെ സമരമാർഗ്ഗമായി സ്വീകരിച്ചു കൊണ്ടുള്ള പോരാട്ടങ്ങൾ ആരു നടത്തിയാലും അത് അത്യന്തം ഹീനവും നീചവുമാണ്. ഏറ്റവും ഒടുവിൽ
ആലുവ യു.സി. കോളേജിലാണ് ഗുരുനിന്ദയുടെയും ധാർമ്മിക ഭ്രംശത്തിൻ്റെയും സാംസ്കാരിക അധ:പതനത്തിൻ്റെയും സമരമാർഗ്ഗം അരങ്ങേറിയത്.
പ്രിൻസിപ്പൽ ഡോ. മിനി ആലീസിന് നേരെ കെഎസ്‌യു സംസ്ഥാന സെക്രട്ടറിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ മിവ ജോളി കരി ഓയിൽ ഒഴിച്ചെന്ന് പോലീസിൻ്റെ എഫ്ഐആറിൽ പറയുന്നു.
കോളേജ് ഓഫീസിൽ നിന്നു പ്രിൻസിപ്പൽ പുറത്തേക്കിറങ്ങുന്നത് കാത്ത് കരി ഓയിൽ കുപ്പിയുമായി നിൽക്കുകയായിരുന്നു മിവ ജോളി എന്നു വീഡിയോ ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ് ഐ ആറിൽ വ്യക്തമാക്കുന്നുണ്ട്.
കരി ഓയിൽ കുപ്പിയുമായി പ്രിൻസിപ്പലിൻ്റെ നേരെ പാഞ്ഞടുത്ത മിവ ജോളിയെ തടയാൻ ശ്രമിച്ച സിപിഒ സന്ധ്യയെ മിവയും കൂട്ടുപ്രതികളും ചേർന്നു ഭീഷണിപ്പെടുത്തിയെന്നും സംഘർഷത്തിനിടെ നിലത്ത് വീണ സന്ധ്യയ്ക്ക് പരിക്കേറ്റെന്നും എഫ് ഐ ആറിൽ ഉണ്ട്.
കേസിലെ 10 പ്രതികളിൽ മിവ ജോളി അടക്കം 7 പേർ കോളേജിന് പുറത്തുള്ളവരാണ്.അച്ചടക്ക നടപടിയുടെ ഭാഗമായി നിർബന്ധിത ടി.സി നൽകിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയാണ് കരി ഓയിൽ പ്രയോഗം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു സംഭവം.
2017 ജനുവരി 19 നാണ് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ കസേര പ്രധാന ഗേറ്റിനു മുന്നിലിട്ടു വിദ്യാർത്ഥി സംഘടനക്കാർ കത്തിച്ചത്. അന്ന് ഡോ. എം. ലീലാവതി പറഞ്ഞു; "പ്രിൻസിപ്പലിന്റെ ഇരിപ്പിടം ഭസ്മമാക്കുക എന്നത് സങ്കല്പത്തിനപ്പുറമുള്ള കാടത്തമാണ്.
ആ വ്യക്തിയെ തന്നെ കത്തിക്കുന്നതിന് തുല്യമാണ്. " പാലക്കാട് വിക്ടോറിയ കോളേജിൽ വനിതാ പ്രിൻസിപ്പലിൻ്റെ റിട്ടയർമെൻറ് ദിനത്തിൽ ഒരു സംഘം വിദ്യാർത്ഥികൾ അവർക്ക് കുഴിമാടം ഒരുക്കി റീത്തു വച്ച് പ്രതിഷേധിച്ചു. അത് ആർട്ട് ഇൻസ്റ്റലേഷനായി (പ്രതിഷ്ഠാപന കല ) കാണണമെന്ന് ചിലർ പറഞ്ഞു. ഗുരുനിന്ദയുടെ മറ്റൊരു രൂപമായിരുന്നു ഇത് .
2018 ൽ കാസർഗോഡ് ജില്ലയിലെ പടന്നക്കാട് നെഹ്റു കോളേജിലെ വനിതാ പ്രിൻസിപ്പലിനുള്ള യാത്രയയപ്പ് ചടങ്ങിനിടെ അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ക്യാമ്പസിൽ പോസ്റ്റർ പതിപ്പിച്ചു. "വിദ്യാർഥി മനസ്സിൽ മരിച്ച പ്രിൻസിപ്പലിന് ആദരാജ്ഞലികൾ .ദുരന്തം ഒഴിയുന്നു. ക്യാമ്പസ് സ്വതന്ത്രമാകുന്നു. നെഹ്റുവിന് ശാപമോശം". ഇതായിരുന്നു പോസ്റ്ററിലെ വരികൾ.
31 വർഷം നെഹ്റു കോളജിൽ അധ്യാപികയും രണ്ടുവർഷം പ്രിൻസിപ്പലുമായിരുന്ന വ്യക്തിയുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു ഈ സംഭവം. ഇതിന് പുറമെ യാത്രയയപ്പ് യോഗം നടക്കുമ്പോൾ പടക്കവും പൊട്ടിച്ചിരുന്നു. മക്കളെ പോലെ സ്നേഹിച്ച വിദ്യാർത്ഥികളിൽ ചിലരുടെ കാടത്തം നിറഞ്ഞ പ്രതിഷേധ പ്രതിഷേധം വേദനിപ്പിച്ചെന്ന് പ്രിൻസിപ്പൽ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കട്ടപ്പന ഗവൺമെൻ്റ് കോളേജിന്റെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറുകയും റസിഡൻ്റ് ട്യൂട്ടർ ചുമതല വഹിച്ചിരുന്ന അധ്യാപികയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തിരുന്നു.
അവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ആറുമണിക്കൂർ മുറിയിൽ പൂട്ടിയിട്ടിരുന്നു.
ഇത്തരം സംഭവങ്ങളുടെ തുടർച്ചയായി വേണം ആലുവ യു. സി കോളേജിലെ കാടത്തത്തെയും കാണാൻ.
രാഷ്ട്രീയത്തിന്റെ കൈത്താങ്ങിൽ എന്ത് തോന്ന്യാസവും കാണിക്കുന്ന വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ സമൂഹത്തിന്റെ മുന്നിൽ ഉയർത്തുന്ന അപായ ഭീഷണി അത്യന്തം ഗൗരവമുള്ളതാണ്. കലാലയങ്ങൾ ഒരിക്കലും ആക്രമികളുടെ വിളനിലം ആകരുത്. ആചാര്യൻ ദേവതുല്യനാണെന്ന് പഠിപ്പിക്കുന്ന നാട്ടിലാണ് ഇത്തരം കോപ്രായങ്ങൾ അരങ്ങേറുന്നത്. ഒരുകാലത്ത് നന്മയുടെയും പരസ്പര സ്നേഹത്തിന്റെയും സർഗാത്മകതയുടേയും വിളനിലങ്ങളായിരുന്നു കലാലയങ്ങൾ.
വ്യക്തിത്വവും സാമൂഹ്യബോധവും ജ്ഞാന തൃഷ്ണയും രൂപപ്പെടേണ്ട കലാലയങ്ങൾ ഇന്ന് ഹിംസാത്മകമാവുകയാണ് .
രാജ്യത്തെ ജനാധിപത്യ സംവിധാനവുമായി പരിചയിക്കാനും നല്ല ഭരണകർത്താക്കളായി മാറാനും വിദ്യാർത്ഥികളെ സഹായിക്കുമെന്ന ചിന്തയാണ് കലാലയ രാഷ്ട്രീയത്തെയും സംഘടനാ പ്രവർത്തനങ്ങളെയും ക്രിയാത്മാകമായി സമീപിക്കാൻ പക്വമതികളെ പ്രേരിപ്പിച്ചത്.
എന്നാൽ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ അപഭ്രംശങ്ങൾ അക്രമത്തിലേക്കും അരാജകത്വത്തിലേക്കും വഴിമാറുകയാണ്. ഇത്തരം പ്രവർത്തനങ്ങൾ കലാലയങ്ങളിൽ പഠിക്കാൻ എത്തുന്നവർക്ക് എന്തു സന്ദേശമാണ് നൽകുക. പ്ലസ് ടു കഴിയുമ്പോഴേക്കും എങ്ങനെയെങ്കിലും കേരളം വിടുകയാണ് പ്രതിഭകളായ കുട്ടികൾ. പ്രിൻസിപ്പലിനു പോലും രക്ഷയില്ലെങ്കിൽ കുട്ടികൾ ഭയന്നോടും.
ഇവിടെ നടക്കുന്ന പല ക്യാപസ് അക്രമ സംഭവങ്ങളുടെയും സൂത്രധാരന്മാർ പുറത്തുള്ള രാഷ്ട്രീയക്കാർ തന്നെയായിരുന്നു. യു. സി. കോളേജിലെ അക്രമത്തിന് മുന്നിലും പിന്നിലും പുറമെ നിന്നുള്ളവരുണ്ട്.
മുതിർന്ന നേതാക്കൾ കുട്ടികളെ ആയുധമാക്കുകയാണ്. കലാലയത്തിൻ്റെ പുറത്ത് നിന്നള്ളവർക്ക് ക്യാമ്പസിൽ എന്ത് കാര്യം?. അവരെ മാതൃകാപരമായി ശിക്ഷിക്കണം. കലാപത്തിന് നേതൃത്വം നല്കാൻ രാഷ്ട്രീയ പ്രവർത്തകർ കലാലയങ്ങളിൽ വരുന്നത് വലിയ ദുരന്തമാണ്.
പഠനമാണ് പ്രധാനം എന്ന കാര്യം മറന്ന്, പാർട്ടി രാഷ്ട്രീയത്തിലേക്കുള്ള റിക്രൂട്ട്മെൻറ് കേന്ദ്രങ്ങളായി ചില മുതിർന്ന നേതാക്കൾ വിദ്യാലയങ്ങളെ കാണുന്നുണ്ട്. മാതൃസംഘടനക്കാർ കുട്ടികളെ നേർവഴിക്ക് നയിക്കണം. അക്രമ പ്രവർത്തനങ്ങൾക്ക് ഉത്തേജക മരുന്നായി മുതിർന്നവർ മാറരുത്. കുറ്റവാളികളെ സംരക്ഷിക്കുകയുമരുത്. "ഞങ്ങൾ തന്നെ വിധികർത്താക്കൾ, വിധിയും ഞങ്ങൾ നടപ്പാക്കും " എന്ന മുഷ്ക് മുളയിലേ നുള്ളണം, തിരുത്തിക്കണം.
.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്രമവും പുറത്തുനിന്നുള്ളവരുടെ ഇടപെടലും ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പേനയ്ക്ക് പകരം ആയുധമെടുക്കുകയും ഭീഷണി ഉയർത്തുകയും ചെയ്യുന്ന വിദ്യാർത്ഥി രാഷ്ട്രീയം തിരുത്താൻ സമയമായി.
അരങ്ങ് വാഴുന്ന അക്രമ-അരാജകത്വ വാസനകളിൽ നിന്ന് വിദ്യാർത്ഥികളെ മോചിപ്പിക്കാൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും രാഷ്ട്രീയ നേതാക്കൾക്കുംബാധ്യതയുണ്ട്.
ഭാരതീയ സംസ്കൃതിയിൽ ഏറ്റവും സമുന്നതമേത് എന്നതിന് ലഭിക്കുന്ന ഒരേ ഒരു പ്രത്യുത്തരമാണ് ഗുരു എന്നത്. "ന ഗുരോരധികം തത്വം, ന ഗുരോമധികം തപ: " (ഗുരുവിനേക്കാൾ വലിയൊരു തത്വമില്ല, ഗുരുവിനേക്കാൾ വലിയൊരു തപസ്സുമില്ല).
ഗുരുവിനെ ഈശ്വരതുല്യനായി കാണുന്ന ഒരു സംസ്കൃതിയിലാണ് ഗുരുവിൻ്റെ മുഖത്ത് കരിയ
ഓയിൽ ഒഴിക്കുന്നത്. എത്ര മലിനമായ മനസ്സാകും ആ പ്രവർത്തിക്ക് മുതിരുന്നവരുടേത്. ഗുരു ശിഷ്യബന്ധത്തിൻ്റെ പാവനത കളങ്കപ്പെടുന്ന സംഭവങ്ങൾ ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ. ഓർക്കുക; ഗുരു നിന്ദ മഹാ പാപമാണ്. (8075789768)
(അഭിഭാഷകനും ട്രെയ്നറും മെൻ്ററുമായ ലേഖകൻ, കാലടി ശ്രീ ശങ്കരാ കോളേജ് യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി, കളമശ്ശേരി രാജഗിരി കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
8075789768 )