മിയ മരിയയ്ക്കായി നാടൊന്നിച്ചു, മൂന്നു ദിവസത്തിനുള്ളിൽ സമാഹരിച്ചത് 16.5 കോടി രൂപ
കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ടൈപ്പ്-1 ബാധിച്ച ആറുമാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി കേരളം ഒന്നാകെ കൈകോർത്തു. ചികിത്സയ്ക്കായി ആവശ്യമായ ഭീമമായ തുക സമാഹരിക്കാനുള്ള അഭ്യർഥനയ്ക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്. വെറും മൂന്നുദിവസത്തിനുള്ളിൽ 16.5 കോടി രൂപ സമാഹരിക്കാൻ സാധിച്ചു.
മൂവാറ്റുപുഴ ആയവന സ്വദേശികളായ ജിനുവിന്റെയും നിമ്മിയുടെയും മകളാണ് മിയ മരിയ. ഒരു മാസം മുൻപാണ് പേശികളെ ഗുരുതരമായി ബാധിക്കുന്ന എസ്എംഎ ടൈപ്പ്–1 രോഗം കുഞ്ഞിന് സ്ഥിരീകരിച്ചത്. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണിവൾ. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അത്യാവശ്യമായ ജീൻ തെറാപ്പിക്ക് ഏകദേശം 16 കോടി രൂപയാണ് ചെലവ് വരുന്നത്.
ഒന്നര വയസ്സ് തികയുന്നതിന് മുൻപ് ജീൻ തെറാപ്പി നൽകണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. രോഗബാധ മൂലം ഭക്ഷണം വിഴുങ്ങുക, ശ്വസിക്കുക, ഇരിക്കുക, നടക്കുക തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങൾ കുഞ്ഞിന് ബുദ്ധിമുട്ടാണ്. നിലവിൽ ട്യൂബ് വഴിയാണ് മിയയ്ക്ക് ഭക്ഷണം നൽകുന്നത്. തങ്ങളുടെ പ്രയാസഘട്ടത്തിൽ ജനങ്ങൾ നൽകിയ ഈ പിന്തുണ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് കുഞ്ഞിന്റെ അമ്മ നിമ്മി പറഞ്ഞു.