ചിരട്ടക്കരി തുണച്ചു; നാളികേര കയറ്റുമതിയില് ചരിത്രനേട്ടം കുറിച്ച് ഇന്ത്യ, വരുമാനം 7000 കോടി കടന്നു
ലോക നാളികേരദിനത്തില് രാജ്യത്തിന് അഭിമാനകരമായ നേട്ടവുമായി കയറ്റുമതി കണക്കുകള്. ചിരട്ട സംസ്കരിച്ച് ഉത്തേജിതകരി നിര്മിച്ചതിലൂടെ 2025-26 കാലയളവില് ഇന്ത്യ നേടിയത് റെക്കോര്ഡ് വരുമാനമായ 4688 കോടി രൂപയാണ്. ഈ വര്ഷം 1.79 ലക്ഷം ടണ് ഉത്തേജിതകരിയാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം നാളികേര കയറ്റുമതി മൂല്യത്തിന്റെ 66 ശതമാനവും ചിരട്ടയില് നിന്നുള്ള ഈ വരുമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വര്ഷവുമായി (202425) താരതമ്യം ചെയ്യുമ്പോള് അളവിലുള്ള വര്ധന ചെറിയതാണെങ്കിലും ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയ്ക്ക് വലിയ നേട്ടമായത്. 2024-25ല് 1.76 ലക്ഷം ടണ് കരി കയറ്റുമതി ചെയ്തവഴി 2799 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാല് 2025-ല് അമേരിക്കയുടെ ഇറക്കുമതി 10 ശതമാനം മാത്രം കൂടിയപ്പോള് വിലയിലുണ്ടായ കുതിപ്പ് 38 ശതമാനമായി ഉയര്ന്നു. 2025 പകുതിയോടെ ഇന്ത്യയിലും ഇന്ഡൊനീഷ്യയിലും ഉത്തേജിതകരി വില ടണ്ണിന് 900 മുതല് 1000 ഡോളര് വരെ വര്ധിച്ചതായി ഇന്റര്നാഷണല് കോക്കനട്ട് കമ്മ്യൂണിറ്റി വിലയിരുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതല് ചിരട്ടക്കരി അധിഷ്ഠിത ഉത്തേജിതകരി കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ജലം, വായു ശുദ്ധീകരണ പ്രക്രിയകളിലാണ് ഉത്തേജിതകരി പ്രധാനമായും ഉപയോഗിക്കുന്നത്.
കുതിച്ചുയര്ന്ന് നാളികേര കയറ്റുമതി
2025-26 വര്ഷം ആകെ 7038.34 കോടി രൂപയുടെ നാളികേരോത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. മുന്വര്ഷത്തെ അപേക്ഷിച്ച് 2689 കോടി രൂപയുടെ അധികനേട്ടമാണിത്. കഴിഞ്ഞ പത്തുവര്ഷത്തിനിടെ നാളികേര ഉത്പന്ന കയറ്റുമതി മൂല്യത്തില് അഞ്ചിരട്ടി വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16ല് 1385 കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ നേട്ടം.
മറ്റ് പ്രധാന ഉത്പന്നങ്ങളുടെ 2025-26 ലെ കയറ്റുമതി കണക്കുകള്
വെളിച്ചെണ്ണ (റിഫൈന്ഡ്): 16,605 ടണ് (മൂല്യം: 661 കോടി രൂപ)
പച്ചത്തേങ്ങ: 54,102 ടണ് (മൂല്യം: 376 കോടി രൂപ)
കൊപ്ര: 16,468 ടണ് (മൂല്യം: 374 കോടി രൂപ)
ഡെസിക്കേറ്റഡ് കോക്കനട്ട്: 7210 ടണ് (മൂല്യം: 199 കോടി രൂപ)
വെളിച്ചെണ്ണ (ക്രൂഡ്): 2650 ടണ് (മൂല്യം: 96 കോടി രൂപ)