കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: അഞ്ച് പ്രതികള്‍ക്ക് 60 ദിവസം പരോള്‍ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍, പരോള്‍ അനുവദിച്ചതിനെതിരെ ബിജെപി രംഗത്ത്
ചെന്നൈ: 1998-ലെ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന അഞ്ച് പ്രതികള്‍ക്ക് 60 ദിവസത്തെ പരോള്‍ അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അന്‍സാരി, മുഹമ്മദ് അലി, മൊണപ്പ എന്ന മുഹമ്മദ് ഹസന്‍, മുഹമ്മദ് അജം, നവാബ് ഖാന്‍ എന്നിവര്‍ക്കാണ് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.
46നും 55നും ഇടയില്‍ പ്രായമുള്ള ഇവര്‍ വ്യക്തിപരമായ സാഹചര്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പരോളിനായി അപേക്ഷ നല്‍കിയിരുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇവരുടെ പരോള്‍ അപേക്ഷകള്‍ ഈ വര്‍ഷം ആദ്യം തന്നെ അംഗീകരിച്ചിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് കാരണം റിലീസ് നീട്ടിവെക്കുകയായിരുന്നുവെന്നും ഇപ്പോള്‍ പുതിയ അപേക്ഷകള്‍ പരിഗണിച്ചാണ് നടപടിയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
തടവില്‍ ദീര്‍ഘകാലം കഴിഞ്ഞവര്‍ക്ക് നല്‍കിവരുന്ന സ്വാഭാവിക ഇളവുകളുടെ ഭാഗമാണ് ഈ പരോളെന്നും മറ്റ് പ്രതികള്‍ക്ക് നല്‍കുന്നതിന് തുല്യമായ ആശ്വാസം മാത്രമാണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. പരോള്‍ അനുവദിച്ചതില്‍ മുഖ്യമന്ത്രി വിജയ്ക്ക് ടിവികെ എംഎല്‍എ വി.എം.എസ് മുസ്തഫ നന്ദി അറിയിച്ചു.
കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതികളായ മുഹമ്മദ് അലി മന്‍സൂര്‍, അബൂബക്കര്‍ സിദ്ദീഖ്, സാദിഖ് അലി എന്നിവര്‍
എന്നാല്‍, സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി സംസ്ഥാന മുഖ്യ വക്താവ് നാരായണന്‍ തിരുപ്പതി രംഗത്തെത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായങ്ങളിലൊന്നായ ഭീകരാക്രമണത്തിന്റെ ഗൗരവത്തെക്കാള്‍ വലുതല്ല വ്യക്തിപരമായ കാരണങ്ങളെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ശിക്ഷയ്ക്കെതിരായ അപ്പീലുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ ചില ജീവപര്യന്തം തടവുകാര്‍ക്ക് ജാമ്യം നിഷേധിച്ച 2023 ഒക്ടോബര്‍ നാലുലെ സുപ്രിംകോടതി ഉത്തരവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തടവുകാരുടെ സ്വാഭാവിക അവകാശമാണ് പരോളെന്നും ഇത് ശിക്ഷയുടെ ഗൗരവം കുറയ്ക്കുന്ന ഒന്നായി കാണേണ്ടതില്ലെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. 2023 ജനുവരിയില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഒമ്പത് പ്രതികള്‍ക്ക് കോടതി ഇടക്കാല ഇളവ് അനുവദിച്ചിരുന്നു. തലച്ചോറിലെ ട്യൂമറും കാന്‍സര്‍ ലക്ഷണങ്ങളും ചൂണ്ടിക്കാട്ടി മറ്റൊരു തടവുകാരനായ അബ്ദുല്‍ ഹക്കീമിന് മദ്രാസ് ഹൈക്കോടതി മൂന്ന് മാസത്തെ സാധാരണ ഇളവും നല്‍കിയിരുന്നു. കൂടാതെ, കേസിലെ പ്രധാന പ്രതിയായ അല്‍ ഉമ്മ സ്ഥാപകന്‍ എസ്.എ ബാഷയ്ക്കും മുമ്പ് പലതവണ ജാമ്യം ലഭിച്ചിരുന്നു. 2024 ഡിസംബറില്‍ 84-ാം വയസിലാണ് ബാഷ മരിച്ചത്.